കൊടുങ്ങല്ലൂരിലും നാട്ടികയിലും എംഎല്‍എ എന്ന നിലയില്‍ ഉണ്ടാക്കിയ പ്രതിച്ഛായ എംപിയായപ്പോള്‍ നിലനിര്‍ത്താന്‍ ടി.എന്‍.പ്രതാപന് കഴിഞ്ഞോ? തൃശൂര്‍ ലോക്സഭാമണ്ഡലത്തില്‍ മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പങ്കെടുത്ത 48.45 ശതമാനം പേരും എംപിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ്. ഏറ്റവും മികച്ച പ്രവര്‍ത്തനമെന്ന് 13.38 ശതമാനവും മികച്ചതെന്ന് 35.45 ശതമാനവും അഭിപ്രായപ്പെട്ടു. എന്നാല്‍ 23.45 ശതമാനം പേര്‍ക്ക് എംപിയുടെ പ്രകടനത്തില്‍ തൃപ്തിയില്ല. തീരെ മോശമെന്ന് വിലയിരുത്തിയ 1.79 ശതമാനംകൂടി ചേരുമ്പോള്‍ അതൃപ്തര്‍ 25 ശതമാനം കടക്കും. 25.93 ശതമാനം പേര്‍ ശരാശരി പ്രകടനമെന്നും വിലയിരുത്തി.
‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്ന ഭീഷണിയുമായി സുരേഷ് ഗോപി നിറഞ്ഞാടിയ 2019ല്‍ യുഡിഎഫ് ആശങ്കപ്പെട്ടെങ്കിലും പ്രതാപന്‍ മികച്ച ഭൂരിപക്ഷത്തോടെ തൃശൂര്‍ അങ്ങെടുക്കുകയായിരുന്നു. 93,633 വോട്ടിന്റെ മാര്‍ജിനില്‍ സിപിഐയിലെ രാജാജി മാത്യു തോമസിനെയാണ് ലോക്സഭയിലേക്കുള്ള കന്നിയങ്കത്തില്‍ പ്രതാപന്‍ തോല്‍പ്പിച്ചത്. സുരേഷ് ഗോപി 2,93,822 വോട്ടോടെ മൂന്നാംസ്ഥാനത്തായി. എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം 2.66 ശതമാനം മാത്രമായിരുന്നു.
ലോക്സഭയിലെ പ്രകടനം
പതിനേഴാം ലോക്സഭയിലെ പതിമൂന്നാം സമ്മേളനം വരെ ടി.എന്‍.പ്രതാപന്‍ 56 ചര്‍ച്ചകളില്‍ പങ്കെടുത്തു. 302 ചോദ്യങ്ങളുന്നയിച്ചു. 30 സ്പെഷല്‍ മെന്‍ഷനുകള്‍ നടത്തി. ഒരു സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമം, സ്പോര്‍ട്സ് യുവജനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റിയിലും പേപ്പേഴ്സ് ലെയ്ഡ് ഓണ്‍ ടേബിള്‍ കമ്മിറ്റിയിലും അംഗമാണ് ഈ അറുപത്തിമൂന്നുകാരന്‍.
Here is TN Prathapan' rating as an MP in Thrissur constituency. Manorama News-VMR Mood of the State Survey results.