തൃശൂർ കുറുമ്പിലാവ് സി.പി.ഐ ഓഫിസ് തകർത്ത പതിനൊന്നംഗ ഗുണ്ടാ സംഘത്തെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിമരുന്നിന് അടിമകളാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവും. പിടികൂടുന്നതിനിടെ ഗുണ്ടകളുടെ ആക്രമണത്തിൽ പൊലീസുകാരന് പരുക്കേറ്റു. നാടിന്റെ ഉറക്കം കെടുത്തിയവരാണ് ഈ ഗുണ്ടാ സംഘം. പഴുവിൽ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷത്തിനിടെ സംഘാടകരോട് ഗുണ്ടകൾ മോശമായി പെരുമാറി. പൊലീസിന് പരാതി നൽകിയപ്പോൾ ക്ഷേത്ര കമ്മിറ്റിക്കാരുടെ രണ്ടു വീടുകൾ ആക്രമിച്ചു. കമ്മിറ്റിക്കാരിൽ ഒരാൾ സി.പി.ഐ ലോക്കൽ സെക്രട്ടറിയായിരുന്നു.
സംഘത്തിലെ മുഖ്യപ്രതി പ്രശാന്ത് പൊലീസ് അന്വേഷണത്തിനിടെ തൂങ്ങി മരിച്ചു. ഇതിൽ അരിശം മൂത്ത് ഗുണ്ടകൾ സി.പി.ഐ ഓഫിസ് അടിച്ചു തകർത്തു. ആക്രമണത്തിന് ശേഷം പലയിടത്തേയ്ക്കായി മുങ്ങി. ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി സുരേഷും അന്തിക്കാട് എസ്.ഐ: കെ.അജിത്തും അടങ്ങിയ പൊലീസ് സംഘം മൂന്നു രാത്രി ഉറക്കമൊഴിച്ചു നടത്തിയ അന്വേഷണമാണ് ഗുണ്ടകളെ പിടികൂടുന്നതിൽ എത്തിച്ചത്.
ഗുണ്ടാ സംഘവുമായി സി.പി.ഐ ഓഫിസിലും കമ്മിറ്റിക്കാരുടെ രണ്ടു വീടുകളിലും തെളിവെടുപ്പ് നടത്തി. 13 ക്രിമിനൽ കേസുകളിലെ പ്രതിയാണ് രഞ്ജിത്ത്, കൂട്ടാളികളായ ദിനേശ്, അമൽ രാജ്, മണികണ്ഠൻ , രോഹൻ തുടങ്ങി പതിനൊന്നു പേരാണ് പിടിയിലായത്. അറസ്റ്റിലായ അനന്തകൃഷ്ണനെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. മറ്റൊരു പ്രതി അർജുൻ തമ്പി പന്ത്രണ്ട് കേസുകളിൽ പ്രതിയാണ്. യുവാക്കളായ ഒട്ടേറെ പേർക്ക് ലഹരിമരുന്ന് നൽകി ഗുണ്ടാ സംഘത്തിൽ അംഗങ്ങളായിട്ടുണ്ട്. ആക്രമിക്കപ്പെട്ട വീട്ടിലെ താമസക്കാർ നാടുപേക്ഷിച്ച് പോയി. അത്രയ്ക്കേറെ ഭയമാണ് നാട്ടുകാർക്ക് ഈ ഗുണ്ടാ സംഘത്തെ . പൊലീസ് പിടികൂടിയാൽ പഴയ പോലെ തല്ലു കിട്ടില്ലെന്ന് അറിയാവുന്നതിനാൽ പൊലീസിനേയും പേടിയില്ല. പ്രതികളെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ച വീടിൻ്റെ ഉടമകളെ പ്രതിയാക്കുമെന്ന് പൊലീസ് പറഞ്ഞു.