കൊച്ചിയിൽ എൻസിസി ക്യാംപിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് സംഘർഷം. 75 കേഡറ്റുകൾ ചികിത്സ തേടിയതിനെ തുടർന്ന് ക്യാംപിലെത്തിയ രക്ഷിതാക്കൾ ഉയർത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. തൃക്കാക്കര കെഎംഎം കോളജിലെ 21 കേരള ബറ്റാലിയൻ ക്യാംപിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് ക്യാംപ് അവസാനിപ്പിച്ചു.
ഇന്നലെ ഉച്ചഭക്ഷണത്തിനുശേഷമാണ് വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വൈകിട്ടോടെ ഒട്ടേറെ പേർ ക്ഷീണിതരായി തളർന്നുവീണു. കൂടുതൽ പേർക്കും കടുത്ത വയറുവേദനയും. പൊലീസ് വാഹനങ്ങളിലും ആംബുലൻസുകളിലുമായി വിദ്യാർഥികളെ ആശുപത്രികളിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളജ്, മറ്റു രണ്ട് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. തുടർന്ന് എൻസിസി ക്യാംപ് നടക്കുന്ന തൃക്കാക്കര കെ.എം.എം കോളജിന് മുന്നിൽ പ്രതിഷേധവുമായി രക്ഷിതാക്കളെത്തി. കുട്ടികളുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കാതായതോടെ ഗേറ്റ് തള്ളി തുറന്ന് രക്ഷിതാക്കൾ അകത്തു കയറി
പ്രതിഷേധം സംഘർഷത്തിലേക്ക് എത്തിയതോടെ ക്യാംപ് അവസാനിപ്പിച്ചതായി അറിയിപ്പ് വന്നു. ഇതോടെ രക്ഷിതാക്കൾ ഭൂരിഭാഗം കുട്ടികളെയും രാത്രി ഏറെ വൈകിയും, പുലർച്ചെയുമായി ക്യാംപില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി. എങ്ങനെയാണ് കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ വീണ്ടും സംഘടിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. തൃക്കാക്കര എസിപി പി.വി.ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൻ്റെ സമയോചിത ഇടപെടലാണ് വൻ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്താതെ തടഞ്ഞത്.
ഇതിനിടയിൽ എസ്എഫ്ഐ വനിത നേതാവ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഒരു വിഭാഗം പെൺകുട്ടികൾ പ്രതിഷേധിച്ചു. ഉമ തോമസ് എംഎൽഎയും സ്ഥലത്തെത്തി വിദ്യാർഥികളോട് നേരിട്ട് സംസാരിച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. 518 കുട്ടികളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ചികിത്സ തേടിയ വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്.