• വടകരയില്‍ ശൈലജയ്ക്കു സാധ്യത
  • യുഡിഎഫ് വോട്ട് വിഹിതം 42.46%
  • എല്‍ഡിഎഫ് വോട്ട് വിഹിതം 35.09 %
  • എന്‍ഡിഎ വോട്ട് വിഹിതം 18.64

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 16 മുതല്‍ 18 സീറ്റുവരെ നേടാമെന്ന് മനോരമ ന്യൂസ്–വി.എം.ആര്‍ എക്സിറ്റ് പോള്‍. എല്‍.ഡി.എഫിന് രണ്ടുമുതല്‍ നാലുവരെ സീറ്റുകള്‍ക്കാണ് സാധ്യത. നേരിയ ഭൂരിപക്ഷത്തിലെങ്കിലും എല്‍.ഡി.എഫിന് കൂടുതല്‍ വിജയസാധ്യത വടകര, പാലക്കാട് മണ്ഡലങ്ങളിലാണ്. 

കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശൂര്‍, ചാലക്കുടി,  എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളാണ് എക്സിറ്റ് പോളില്‍ യു.ഡി.എഫ് ഉറപ്പിക്കുന്നത്.  മാവേലിക്കരയില്‍ നേരിയ ഭൂരിപക്ഷത്തിനാണ് കൊടിക്കുന്നില്‍ കരകയറുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായി വോട്ടുവിഹിതത്തില്‍ വ്യത്യാസം 1.6 % മാത്രമെന്നാണ് പ്രവചനം. 

വടകരയിലെ തീപാറിയ പോരാട്ടത്തില്‍ നേരിയ മേല്‍ക്കൈയോടെ കെ.കെ.ശൈലജ ജയിക്കും. ഷാഫി പറമ്പിലുമായി വോട്ടുവ്യത്യാസം 1.91 % മാത്രം.

പാലക്കാട് എ.വിജയരാഘവന്‍ 1.14 വോട്ടുവിഹിതത്തിന്‍റെ വ്യത്യാസത്തില്‍  വി.കെ.ശ്രീകണ്ഠനെ മറികടക്കുമെന്നാണ് എക്സിറ്റ് പോള്‍ വിലയിരുത്തല്‍.  കണ്ണൂരിലെയും ആലത്തൂരിലെയും പൊരിഞ്ഞപോരില്‍  എല്‍.ഡി.എഫ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പമെത്തും. കെ.സുധാകരനും എം.വി.ജയരാജനും വോട്ടുവിഹിതം 42 ശതമാനം വീതം. 

ആലത്തൂരില്‍ കെ.രാധാകൃഷ്ണനും രമ്യ ഹരിദാസും 41 ശതമാനം വീതം നേടി ഒപ്പത്തിനൊപ്പമാണ്. ഈ മണ്ഡലങ്ങള്‍ ഇരുപക്ഷത്തേക്കും മറിയാനുള്ള സാധ്യത കണക്കിലെടുത്താല്‍ യു.ഡി.എഫ് 18 വരെയും

എല്‍ഡിഎഫ് നാലുവരെയും സീറ്റുകള്‍  നേടിയേക്കാം. സംസ്ഥാനത്താകെ വോട്ടുവിഹിതം ഇങ്ങനെ: യുഡിഎഫ് 42.46%, എല്‍ഡിഎഫ്  35.09 %, എന്‍ഡിഎ 18.64%

ENGLISH SUMMARY:

Manoramanews - VMR Kerala Exit polls-24; UDF poised for big wins