എറണാകുളം മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് മനോരമന്യൂസ്–വിഎംആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സർവേ. വോട്ട് വിഹിതത്തില്‍ വലിയ ഇടിവുണ്ടാകും. 10.93 ശതമാനം വോട്ട് കുറയുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന്റെ വോട്ട് 4.88 ശതമാനം കുറയും. യുഡിഎഫിന് നഷ്ടപ്പെടുന്ന വോട്ടില്‍ ഏറെയും ട്വന്റി ട്വന്റിക്കാണ് പോകുന്നതെന്ന് സര്‍വേ സൂചിപ്പിക്കുന്നു. മറ്റുകക്ഷികളുടെ വോട്ട് വിഹിതം 13.74 ശതമാനമായി ഉയര്‍ന്നത് ഇതിനെ തെളിവാണ്. അതില്‍ 11 ശതമാനത്തിലധികം ട്വന്റി ട്വന്റിക്ക് ലഭിച്ചേക്കും. എറണാകുളത്ത് എന്‍ഡിഎയുടെ വോട്ടില്‍ 3.76 ശതമാനം വളര്‍ച്ചയും സര്‍വേ പ്രവചിക്കുന്നു.
സ്വന്തം വോട്ടില്‍ 11 ശതമാനത്തോളം കുറവുണ്ടാകുമ്പോഴും യുഡിഎഫിന് എല്‍ഡിഎഫിനുമേല്‍ 11 ശതമാനത്തിന്റെ ലീഡുണ്ട്. 39.85 ശതമാനം പേര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ 28.41 ശതമാനമാണ് എല്‍ഡിഎഫിന്റെ വോട്ട് വിഹിതം. എന്‍ഡിഎയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച 14.24 ശതമാനം വോട്ട് ഇക്കുറി 18 ശതമാനമായി വര്‍ധിക്കുമെന്നാണ് പ്രവചനം.
സിറ്റിങ് എംപി ഹൈബി ഈഡന്‍ തന്നെയാണ് മണ്ഡലത്തില്‍ യുഡിഎഫിന്റെ തുരുപ്പുചീട്ട്. അധ്യാപികയായ കെ.ജെ.ഷൈനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞതവണ ആലപ്പുഴയില്‍ മല്‍സരിച്ച മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയത് എല്‍ഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കുമെന്നാണ് നിഗമനം.
എറണാകുളം, പറവൂര്‍, കളമശേരി, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് എറണാകുളം ലോക്സഭാ സീറ്റ്. ഇതില്‍ നാലിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫുമാണ് 2021 നിയമസഭാതിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ട്വന്‍റി–ട്വന്‍റി, എഎപി, വീ ഫോര്‍ കൊച്ചി തുടങ്ങിയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും മണ്ഡലത്തില്‍ സ്വാധീനമുണ്ട്.
2019 ലോക്സഭാതിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഹൈബി ഈഡനെ നേരിട്ടത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി.രാജീവ് ആണ്. നേരത്തേ പാര്‍ലമെന്റംഗമായിരുന്ന പരിചയവും എറണാകുളത്തെ ശക്തമായ സ്വാധീനവും സംഘടനാശേഷിയും പിന്‍ബലമാക്കിയിറങ്ങിയ രാജീവിന് പക്ഷേ യുവ എംഎല്‍എയ്ക്കുമുന്നില്‍ അടിപതറി. 1,69,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലോക്സഭയിലേക്കുള്ള കന്നിയങ്കത്തില്‍ ഹൈബി ഈഡന്‍ ജയിച്ചുകയറിയത്. ബിജെപി സ്ഥാനാര്‍ഥിയായി വന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് 1,37,749 വോട്ട് (14.24%) ലഭിച്ചു.
മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.
Hybi Eden to retain Ernakulam Loksabha constituency in 2024 election, says Manorama News-VMR Pre-poll Survey