തൃപ്പൂണിത്തുറ ഉദയംപേരൂര്‍ അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കണ്ടനാട് ജെബിഎസ് എല്‍പി സ്കൂളിന്‍റെ പഴയ കെട്ടിടമാണ് തകര്‍ന്നുവീണത്. ആയ ഓടി രക്ഷപ്പെട്ടു. കുട്ടികള്‍ എത്തുന്നതിന് തൊട്ടു മുന്‍പായിരുന്നു അപകടം. മേല്‍ക്കൂരയുടെ ഓടുകളെല്ലാം ഡസ്കിലും ‍ബെഞ്ചിലും തറയിലുമായി ചിതറി. തകര്‍ന്നുവീണ കെട്ടിടത്തിന് 100 വര്‍ഷത്തിലധികം പഴക്കമുണ്ട്.

ഫണ്ടില്ലാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് കാലതാമസം നേരിട്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്. കെട്ടിടത്തിന് ചോര്‍ച്ചയുണ്ടായിരുന്നുവെന്ന് പഞ്ചായത്ത് അംഗവും പറഞ്ഞു.

ഇതേ കെട്ടിടത്തില്‍ മുന്‍പും അപകടമുണ്ടായെന്ന് രക്ഷപ്പെട്ട ആയ മനോരമ ന്യൂസിനോട് പറഞ്ഞു. അടുക്കള ഭാഗത്ത് മേല്‍ക്കൂരയുടെ ഭാഗം പൊളിഞ്ഞുവീണിരുന്നു. പല തവണ പരാതിപ്പെട്ടിരുന്നു, എന്നിട്ടും നടപടിയെടുത്തില്ലെന്നും ആയ പറഞ്ഞു.