തെരുവുവിളക്കുകൾ കത്താത്തതിന്റെ പേരിൽ പരാതി വിട്ടൊഴിയാത്ത ഇടമാണ് തദ്ദേശസ്ഥാപനങ്ങള്‍. വേറിട്ട രീതിയിലൂടെ പഴിപറച്ചിലിന് പരിഹാരമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലത്തെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്. ആദ്യഘട്ടമായി സ്ഥാപിച്ച രണ്ടായിരം തെരുവുവിളക്കുകളാണ് കൃത്യമായി പരിപാലിച്ച് നാടിന് വെളിച്ചമാകുന്നത്.
മലയോരമേഖലയായ കുളത്തൂപ്പുഴയുടെ വീഥികളിൽ തൂവെളിച്ചമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ സമഗ്ര തെരുവ് വിളക്ക് പരിപാലന പദ്ധതിയായ തൂവെളിച്ചമാണ് നാട്ടില്‍ മാറ്റത്തിന് പുതുവെളിച്ചമായത്. തെരുവ് വിളക്ക് കത്താത്തതിന്റെ പേരില്‍ കഴിഞ്ഞ ആറുമാസമായി പരാതികളേയില്ല ഇവിടെ. ബള്‍ബ് മാറ്റിയിടാന്‍ പോലും ടെൻഡർ വിളിക്കുന്ന രീതിയൊക്കെ മാറിയെന്ന് ചുരുക്കം. ഒരു ഫോണ്‍കോള്‍ മാത്രം മതി. നാല്‍പത്തിയെട്ട് മണിക്കൂറിനുളളില്‍ വെളിച്ചമെത്തിക്കാന്‍ പഞ്ചായത്തിന്റെ പ്രത്യേക സംഘമുണ്ട്. ആദ്യഘട്ടമായി അരിപ്പ മുതല്‍ തെന്മല വരെയും, കുളത്തൂപ്പുഴ മുതല്‍ ഭാരതീപുരം വരെയുമുള്ള 30 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടായിരം എല്‍.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചത്. പഞ്ചായത്തിലെ ഇരുപതു വാര്‍ഡുകളിലേക്കും തൂവെളിച്ചം വൈകാതെയെത്തും.
തകരാറിലായ ലൈറ്റ് ഉപേക്ഷിക്കുകയല്ല. ശരിയാക്കാന്‍ സംവിധാനവും ജീവനക്കാരുണ്ട്. വൈദ്യുതി ഉപയോഗത്തിന്റെ കൃത്യത ഉറപ്പാക്കാന്‍ മീറ്ററുകള്‍ സ്ഥാപിച്ചതും പഞ്ചായത്തിന് സാമ്പത്തികനേട്ടമായി. പ്രകാശം പരന്നതോെട രാത്രികാലങ്ങളില്‍ പാതയോരങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നതിലും വലിയ കുറവു വന്നതായാണ് കുളത്തൂപ്പുഴ പഞ്ചായത്ത് പങ്കുവയ്ക്കുന്നത്.