Sabarimala

 

മണ്ഡലകാലം  മൂന്നാഴ്ച പിന്നിടുമ്പോള്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്ര ദര്‍ശനത്തിനും തിരുവാഭരണ ദര്‍ശനത്തിനും തിരക്കേറി. മലയാളികളും  തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരുമാണ് കൂടുതലായി എത്തുന്നത്. തിരുവാഭരണ ദര്‍ശനത്തിന്‍റെ ക്രമീകരണത്തിലും ചെറിയമാറ്റമുണ്ട്. 

 

ചിത്രപ്പണികളോടെ കഴിഞ്ഞ വർഷം നവീകരിച്ച മാളികയിലാണ് തിരുവാഭരണ ദർശനം. ശിൽപി സുദർശനൻ സോപാനത്തിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ മണ്ഡലകാലത്ത് നടതുറക്കുന്നതിനു മുൻപ് മാളികയുടെ നവീകരണം പൂർത്തിയാക്കിയത്. തിരുവാഭരണങ്ങൾ ദർശിക്കുന്നതിനും ചെറിയ വ്യത്യാസമുണ്ട്. മകരവിളക്കിനുശേഷം ശബരിമലയിൽ മണിമണ്ഡപത്തിൽ നിന്നും എഴുന്നള്ളിക്കുന്ന അയ്യപ്പന്‍റെ തിടമ്പ്, ഉടുമ്പാറമല, തലപ്പാറമല കൊടികൾ, നെറ്റിപ്പട്ടം എന്നിവ തിരുവാഭരണങ്ങളിൽ നിന്നു മാറ്റിയാണ് സൂക്ഷിച്ചിട്ടുള്ളത്. എന്നാൽ, ഒരേ സമയം ദർശനം നടത്താവുന്ന രീതിയിലാണ് ക്രമീകരണം. തിരുവാഭരണ മാളികയ്ക്ക് മുൻപിൽ സൂക്ഷിച്ചിട്ടുള്ള പേടകങ്ങളും ഉയർത്തി സ്ഥാപിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണ് കൂടുതല്‍ തിരക്ക്.

 

 

ചില സമയങ്ങളിൽ ഭക്തരുടെ നിര മേടക്കല്ലുവരെ നീളുന്നുണ്ട്. ജനുവരി 12 വരെ തിരുവാഭരണ ദര്‍ശനം ഉണ്ടാകും.  മകരവിളക്കുത്സവത്തിനായി ജനുവരി 13നാണ് തിരുവാഭരണങ്ങൾ ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടുപോവുക. പതിനഞ്ചിന് മകരസംക്രമ ദിവസമാണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന.

 

 

Thiruvabharan darshanan at Sabarimala