sabarimala-bsnl

ശബരിമല സന്നിധാനത്തെ മൊബൈലിൽ നെറ്റ് വർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ സൗജന്യ വൈഫൈയുമായി ബിഎസ്എൻഎൽ. 15 കേന്ദ്രങ്ങളിലാണ് അതിവേഗ വൈഫൈ  ഹോട്ട്സ്പോട്ടുകൾ പുതുതായി സ്ഥാപിക്കുക.  ആദ്യ അരമണിക്കൂർ സൗജന്യവും, പിന്നീട് ഒരു ജീ.ബിക്ക് 9 രൂപ നിരക്കിലുമാണ് സേവനം.

സന്നിധാനത്ത് തിരക്കേറിയാൽ സ്വകാര്യ മൊബൈൽ നെറ്റ് വർക്കുകൾ പണിമുടക്കും. റേഞ്ച് കിട്ടിയാലും ഫോൺ വിളിച്ചാൽ കേൾക്കാത്ത അവസ്ഥ. ബിഎസ്എൻഎൽ കണക്ഷൻ ഇല്ലാത്ത തീർത്ഥാടകർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇതിന് പരിഹാരം എന്നവണ്ണമാണ് ബിഎസ്എൻഎൽ സൗജന്യ വൈഫൈ സേവനം ആരംഭിക്കുന്നത്. പമ്പ മുതൽ ശബരീപീഠം വരെ 12 ഇടങ്ങളിൽ ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ചു, ഇനി സന്നിധാനത്ത് മാത്രം 15 കേന്ദ്രങ്ങളിലേക്കാണ് സേവനം വ്യാപിപ്പിക്കുന്നത്.

റെയിൽവേ സ്റ്റേഷനുകളിലെ  ഹോട്ട്സ്പോട്ടുകൾക്ക് സമാനമായി നമ്പർ അടിസ്ഥാനമാക്കിയാണ്  സേവനം. ഫോണിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് അരമണിക്കൂർ സൗജന്യമായും, റീചാർജ് ചെയ്താൽ തുടർന്നും സേവനം ലഭിക്കും.  വലിയ നടപ്പന്തൽ, തിരുമുറ്റം, മാളികപ്പുറം, ആഴി, അപ്പം അരവണ കൗണ്ടറുകൾ, മരാമത്ത് കോംപ്ലക്സ് സന്നിധാനം ആശുപത്രി എന്നിവിടങ്ങളിലാണ് സേവനം ആരംഭിക്കുന്നത്. ഇതിനായി 15 കേന്ദ്രങ്ങൾ വൈദ്യുതി കണക്ഷൻ ദേവസ്വം ബോർഡ്  നൽകും.  മണ്ഡല പൂജയുടെ പ്രധാന ദിവസം മുതൽ സേവനം ആരംഭിക്കാനാണ് തീരുമാനം. ഇതിനായി എക്സ്ചേഞ്ച് മുതൽ ആശുപത്രി വരെയുടെ ഭാഗത്ത്  കേബിളുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. സേവനം ആരംഭിച്ചാൽ ശബരിമലയിൽ എത്തുന്ന തീർഥാടകരും, മറ്റ് ജീവനക്കാരും  നെറ്റ്വർക്ക് പ്രശ്നങ്ങളെ തുടർന്ന് വലയുന്ന അവസ്ഥയ്ക്ക് പരിഹാരമാകും.

bsnl with free WiFi at Sannidanam