വലിയ പ്രതീക്ഷകളുമായി പോരിനിറങ്ങിയ പ്രമുഖ നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും ഇക്കുറി കാലിടറി. ഉത്തരാഖണ്ഡില്‍ പുഷ്കര്‍ സിങ് ധാമി പിന്നിലാണ്. മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ഛന്നി, പിസിസി അധ്യക്ഷന്‍ നവ്ജ്യേത് സിങ് സിദ്ധു, എസ്.എ.ഡി നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ തുടങ്ങിയ പ്രമുഖര്‍ പരാജയത്തിന്‍റെ വക്കിലാണ്. പഞ്ചാബില്‍ എല്ലാ മന്ത്രിമാരും പിന്നിലാണ്. ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തും പിന്നിലാണ്. പനജിയില്‍ ഉല്‍പല്‍ പരീക്കറിന് തോല്‍വി നേരിട്ടു. കോൺഗ്രസുമായി പിണങ്ങി പിരിഞ്ഞ പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനും ഇക്കുറി നിലംതൊടനായില്ല.
അതിനിടെ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ വന്‍ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മേല്‍ സമ്മര്‍ദവുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ എണ്ണം രാജസ്ഥാനിലും ഛത്തീസ്ഗഢിലും മാത്രമായി ഒതുങ്ങിയതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന നിലപാടിലാണ് മിക്ക നേതാക്കളും. ദേശീയ, സംസ്ഥാനതലത്തില്‍ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണെന്നും ഇവര്‍ വാദിക്കുന്നു.