സിദ്ദു മൂസവാലയുടെ ആഴ്ചകള്‍ക്ക് മുന്‍പ് ഇറങ്ങിയ ഹിറ്റ് റാപ്പായ 'ലാസ്റ്റ് റൈഡ്’ ലെ രംഗം അറംപറ്റിയത് പോലെയായി. തോക്കുകളെ പ്രണയിച്ച ഗായകന് തോക്കുകൊണ്ട് തന്നെ അവസാനം. ആഡംബരജീവിതശൈലിയും വാഹനങ്ങളും ആയുധങ്ങളും ഹരമായ പഞ്ചാബ് യുവത്വത്തിന്റെ ആരാധനകേന്ദ്രമായിരുന്നു ഇന്‍ഡിറാപ്പ് സ്റ്റാര്‍ സിദ്ദുമൂസവാല. 1993 ല്‍ പഞ്ചാബിലെ മാന്‍സയില്‍ മൂസ എന്ന ഗ്രാമത്തിലാണ് ശുഭ്മാന്‍ സിങ് സിദ്ദു എന്ന സിദ്ദു മൂസേവാലയുടെ ജനനം. താന്‍ ജനിച്ച ഗ്രാമത്തോടുള്ള അതിയായ സ്നേഹം കാരണം പേരിനൊപ്പം മൂസവാല എന്നുകൂടി ചേര്‍ത്തു.
ഗുരു നാനക്ക് കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടി. 'ലൈസന്‍സ് 'എന്ന പാട്ടിന് വരികള്‍ എഴുതിയാണ് ഗാനരംഗത്തേയ്ക്ക് ചുവടുവെച്ചത്. പിന്നെ ഇന്‍ഡി റാപ്പുകളുടെയും വിവാദങ്ങളുടെയും രാജകുമാരനായി വാണു. കയ്യില്‍ AK 47 മായി റാപ്പുകളില്‍ പ്രത്യക്ഷപ്പെട്ട സിദ്ദു ഗുണ്ടാസംഘങ്ങളെ വാഴ്ത്തിപ്പാടിയത് വിവാദങ്ങള്‍ക്കും വഴിവെച്ചു. സഞ്ചു എന്ന റാപ്പാണ് ഏറെ ചര്‍ച്ചയായത്. കഴിഞ്ഞ വര്‍ഷത്തെ യുകെ ചാര്‍ട്ട്സില്‍ ടോപ് 5 ല്‍ എത്തിയ മൂസവാല സ്വന്തമായാണ് പാട്ടെഴുത്തും സംവിധാനവും.
നാടിനോടുള്ള സ്നേഹം പേരില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. സിദ്ദുവിന്റെ കൊച്ചു ഗ്രാമത്തില്‍ ഒരു വര്‍ഷത്തിനിടെ കാന്‍സര്‍ ബാധിതരായത് 2800 പേരാണ്. കാന്‍സറിനെതിരെ പോരാടാന്‍ സിദ്ദുവിനെ പ്രേരിപ്പിച്ചതും ഇതുതന്നെ . വര്‍ഷത്തില്‍ ഒരു തവണ മൂസ ഗ്രാമത്തില്‍ സൗജന്യമായി നടത്തുന്ന കാന്‍സര്‍ ക്യാംപും അതിന്റെ ഭാഗമാണ്. ഒരു ശരാശരി പഞ്ചാബിയെപ്പോലെ കൃഷിയെയും കര്‍ഷകനെയും നെഞ്ചിേലറ്റിയ ഗായകന്‍. തന്റെ വരുമാനത്തിന്റെ ഏറിയ പങ്കും കൃഷിക്കുവേണ്ടിയാണ് ചെലവഴിച്ചത്. അതുകൊണ്ട് തന്നെ കര്‍ഷകസമരം കത്തിപ്പടര്‍ന്നപ്പോള്‍ ദന്തഗോപുരങ്ങളില്‍ നിശബ്ദനായിരുന്നില്ല. പാടത്തും പോരാട്ടത്തിനിറങ്ങിയവര്‍ക്കാര്‍ക്കായി പാടിക്കൊണ്ടിരുന്നു. പ്രക്ഷോഭത്തിന് ഉൗര്‍ജം പകര്‍ന്നുകൊണ്ടിരുന്നു. സാമൂഹ്യപ്രശ്നങ്ങളും റാപ്പിലെ വിഷയമാവുക പതിവായിരുന്നു.
വിവാദങ്ങളെയും ഭീഷണിയെയും കൂസാത്ത മൂസവാലയ്ക്ക് പേടി അമ്മയെ മാത്രമായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അമ്മ മല്‍സരിച്ചപ്പോള്‍ ഏകമകനായ മൂസവാല വീടുകള്‍തോറും വോട്ടുതേടി ഇറങ്ങി. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന് കൈകൊടുത്തു. ജന്മനാട് ഉള്‍പ്പെടുന്ന മാന്‍സ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. സിദ്ദു എപ്പോഴും പറഞ്ഞത് ഒരു കാര്യമായിരുന്നു, ‘ഞാന്‍ എവിടേയ്ക്കും പോവില്ല, ഞാന്‍ ഇവിടെ ജീവിക്കും ഇവിടെതന്നെ മരിക്കും’. ഇതാവണം സിദ്ദുവിന്റെ മരണം പഞ്ചാബ് ജനതയ്ക്ക് ഹൃദയഭേദകമാക്കിയത്.
പഞ്ചാബിലെ വിഐപി സുരക്ഷയുണ്ടായിരുന്ന സിദ്ദു മൂസവാല ഉള്‍പ്പെടെ 424 പേര്‍ക്ക് ഭീഷണി നിലനില്‍ക്കെ തന്നെ ഭവന്ത് മന്‍ സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചു. ഒരു യുവതാരത്തിന്‍റെ അസ്തമയം കൊണ്ടാണ് ആ പിഴവിന് വില കൊടുക്കേണ്ടിവന്നത്. പഞ്ചാബിന്‍റെ സിരകളില്‍ ലഹരിയായി പടര്‍ന്നുകയറിയ മൂസേവാല ഇനിയെല്ലന്ന സത്യം അംഗീകരിക്കാന്‍ ആരാധകര്‍ ഇപ്പോഴും തയാറാകുന്നില്ല.