trans-women

ജീവിതത്തില്‍ ഉയരങ്ങള്‍ താണ്ടാന്‍ ഒരു സ്ത്രീക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ ഏറെയാണ്. അത് ട്രാന്‍സ്വിമണ്‍ ആണെങ്കില്‍ വെല്ലുവിളികളുടെ കാഠിന്യമേറും. അത്തരത്തില്‍ നിരവധി വെല്ലുവിളികള്‍ മറികടന്ന് ഇന്ത്യയിലെ ട്രാൻസ്ജെൻഡർ സമൂഹത്തിലെ പ്രബലവിഭാഗമായ സുജാനികളുടെ തലൈവിയായ മലയാളിയാണ് സെലിന്‍ ലക്ഷ്മി.  

 

ജഹാംഗീര്‍പുരിയിലെ ഈ വീട്ടിലേക്ക് തണല്‍ തേടി ആര്‍ക്കും ഓടിയെത്താം. 52 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പന്തളത്തെ കുരമ്പാലയില്‍ നിന്ന് കുത്തുവാക്കുകളും പരിഹാസവും കേട്ട് നാടുവിട്ട 15 വയസുകാരിക്ക് ഒറ്റപ്പെടുന്നവരുടെ വേദന മനസിലാക്കാനാകും. ചെന്നൈ, മുബൈ നഗരങ്ങളിലെ അലച്ചിലിന് ശേഷമാണ് സെലിന്‍ ലക്ഷ്മി ഡല്‍ഹിയിലെത്തിയത്. മോശപ്പെട്ട ജീവിതത്തിലേക്ക് പോകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ ട്രാൻസ്ജെൻഡർ സമൂഹത്തിലെ സുജാനികളുടെ കൂട്ടായ്മയില്‍ എത്തി. കാലങ്ങള്‍ക്ക് ശേഷം അവരുടെ അവസാനവാക്കും ഗുരുവുമായ നായിക്ക് സർദാർ അഥവാ ബാഷ ആയി. 

 

ഉത്തരേന്ത്യയില്‍ വധു–വരന്മാരെയും കുഞ്ഞുങ്ങളെയും സുജാനികള്‍ പാട്ട് പാടി നൃത്തം ചെയത് അനുഗ്രഹിക്കുന്ന പതിവുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന പണമാണ് സുജാനികളുടെ വരുമാനം. അത്തരത്തില്‍ ലഭിച്ച സന്പാദ്യമത്രയും സെലിന്‍ ട്രാന്‍സ്ജന്‍ഡറുകളുടെ ക്ഷേമത്തിനായി മാറ്റിവച്ചിരിക്കുകയാണ്. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ കാവല്‍ മാലാഖയാണ് സെലിന്‍ ലക്ഷ്മി. കേരളത്തിലേക്ക് ഒരു തിരിച്ചുപോക്ക് സെലിന്റെ മനസില്‍ ഇല്ല.  ഉത്തരേന്ത്യയിലെ ട്രാന്‍സ് ജന്‍ഡര്‍ സമൂഹത്തിനായി ഏറെ ചെയ്യാനുണ്ട്. അവര്‍ക്കായി ജീവിച്ചു അവര്‍ക്കായി  മരിക്കണം സെലിന്‍ പറഞ്ഞു നിര്‍ത്തി.