• മേയ് 18 മുതല്‍ 24 വരെ ലഭിച്ചത് വന്‍മഴ
  • അധികം ലഭിച്ചത് 27 ശതമാനം മഴ
  • ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കണ്ണൂരില്‍

ഹോ! എന്തൊരു ചൂട് എന്ന് പറഞ്ഞുകൊണ്ടിരുന്ന നമ്മള്‍ അയ്യോ എന്തുമഴയാണിതെന്ന് പറയുന്ന രീതിയിലാണ് കേരളത്തില്‍ കാര്യങ്ങള്‍.  മഴയുടെ കുറവില്‍ നിന്ന് കേരളം വേനല്‍മഴയുടെ ധാരാളിത്തത്തിലേക്ക് എത്തിയിരിക്കുന്നു . സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 27 ശതമാനം അധികം മഴയാണ്  പെയ്തിറങ്ങിയത്. വേനല്‍ചൂട് പോയി ഇപ്പോള്‍ 27 ഡിഗ്രി എന്ന സുഖകരമായ കാലാവസ്ഥയിലേക്ക് സംസ്ഥാനം മാറുകയും ചെയ്തു.

മഴയില്ല, എത്ര ഭീകരമായ ചൂടാണിത് എന്നാണ് മേയ് ആദ്യആഴ്ചവരെ  കേരളമൊന്നാകെ പറഞ്ഞുകൊണ്ടിരുന്നത്. മേയ് മൂന്നാം ആഴ്ചയായപ്പോഴേക്കും  പെരുമഴയാണല്ലോ എന്ന് മാറ്റി പറയുന്ന രീതിയില്‍കാലാവസ്ഥയാകെ മാറി. മേയ് ഒന്നാം തീയതി കാലാവസ്ഥാ വകുപ്പ് നല്‍കിയ കണക്കനുസരിച്ച് വേനല്‍മഴയില്‍ 62 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരുന്നത്. ഇത് മേയ് 24 ആയപ്പോഴേക്കും 27 ശതമാനം അധികം മഴ എന്ന നിലയിലേക്ക് മാറിയിരിക്കുന്നത്. 

മാര്‍ച്ച് ഒന്നു മുതല്‍ മേയ് 24 വരെ കേരളത്തില്‍ലഭിക്കേണ്ടത് 283 മില്ലീമീറ്റര്‍ മഴയാണ് , ഇതുവരെ 360.8 മില്ലീമീറ്റര്‍മഴകിട്ടി.മഴയില്ലാതെ മാര്‍ച്ചും ഏപ്രിലും  കടന്നുപോയതിന് ശേഷം മേയ് 18 മുതലുള്ള ഏഴു ദിവസമാണ് കേരളത്തില്‍ വന്‍മഴ പെയ്തതും മഴയുടെ കുറവില്‍ നിന്ന്  അധികം മഴയെന്ന നിലയിലേക്ക് മാറിയതും. ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കണ്ണൂരാണ് 63 ശതമാനം കൂടുതല്‍. തിരുവനന്തപുരത്ത് സാധാരണയെക്കാള്‍ 59 ശതമാനം കൂടുതല്‍ മഴ കിട്ടി. പാലക്കാട് 53 ശതമാനം അധികം മഴയാണ് രേഖപ്പെടുത്തിയത്. ചൂടിലും വന്നു ഗണ്യമായ മാറ്റം. 40 ഡിഗ്രിയില്‍പൊള്ളിക്കിടന്ന സംസ്ഥാനത്തിപ്പോള്‍പകല്‍ചൂട് ശരാശരി 27 ഡിഗ്രിസെല്‍സ്യസാണ്, രാത്രി 24ഉം. 

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴകിട്ടിയ സ്ഥലങ്ങളും കേരളത്തിലാണ് കളമശേരിയില്‍ 15 സെന്‍റി മീറ്ററും ആലുവയില്‍ 13 സെന്‍റിമീറ്ററും മഴ ലഭിച്ചു. മഴ കനത്തു നില്‍ക്കുമ്പോഴും ജലസംഭരണികളുടെ ജില്ലയായ ഇടുക്കിയില്‍ 27 ശതമാനം മഴയുടെ കുറവ് തുടരുകയുമാണ്. 

ENGLISH SUMMARY:

From heatwave to surplus rain, Analysis on the shift in Kerala's weather pattern