കടുത്ത വേനലിന് പിന്നാലെ കേരളം തോരാമഴയിലേക്ക് കടന്നപ്പോളും രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്നത് കഠിനമായ ചൂട്. കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോര്‍ട്ടുകളനുസരിച്ച് രാജസ്ഥാനിൽ പലയിടത്തും 50 ഡിഗ്രിയോടടുത്താണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില. തലസ്ഥാന നഗരിയായ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും രേഖപ്പെടുത്തിയ ചൂട് 48 ഡിഗ്രി സെൽസ്യസ് വരെയാണ്. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡൽഹി, യുപി എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്.
മുംഗേഷ്പൂരിലും നരേലയിലുമാണ് തലസ്ഥാനത്ത് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. 49.9 ഡിഗ്രി സെൽസ്യാണിത്. സാധാരണയേക്കാൾ 9 ഡിഗ്രി കൂടുതലാണ് താപനില. അതേസമയം നജഫ്ഗഡില്‍ 49.8 ഡിഗ്രിയും സഫ്ദർജങില്‍ 48.5 ഡിഗ്രിയും ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയേക്കാള്‍ അഞ്ച് ഡിഗ്രി കൂടുതലാണ് ഇവിടെ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. പിതംപുര, പൂസ, ജാഫർപൂർ എന്നിവിടങ്ങളില്‍ 48 ഡിഗ്രിയും താപനില രേഖപ്പെടുത്തിയിട്ടുണ്ട്.
ഡല്‍ഹിയെക്കൂടാതെ ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ചൊവ്വാഴ്ച കഠിനമായ ചൂട് അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജസ്ഥാനിൽ ചൂട് 7.5 ഡിഗ്രി ഉയർന്ന് 50.5 ഡിഗ്രി സെൽസ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഹരിയാനയിലെ സിർസയിലാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. 50.3 ഡിഗ്രി സെൽസ്യസാണിത്. ഹിസാറിൽ 49.3 ഡിഗ്രി സെൽസ്യസ് താപനില രേഖപ്പെടുത്തി. ഡൽഹിയിലും ഹരിയാനയിലും ജനജീവിതം ദുസഹമാക്കി രാത്രി താപനിലയും ഉയർന്നുതന്നെ നിൽക്കുകയാണ്.
പഞ്ചാബിലെ ഭട്ടിൻഡയിൽ 49.3 ഡിഗ്രി സെൽസ്യസാണ് ഉയർന്ന താപനില. ഉത്തർപ്രദേശിൽ ഝാൻസിയിൽ 49.0 ഡിഗ്രി സെൽസ്യസും പ്രയാഗ്‌രാജിൽ 48.2 ഡിഗ്രി സെല്‍സ്യസും വാരണാസിയിലും കാൺപൂരിലും 47.6 ഡിഗ്രി സെൽസ്യസുമാണ് താപനില. നിവാരി, ദാതിയ, രേവ, ഖജുരാഹോ തുടങ്ങിയ പ്രദേശങ്ങളിൽ 48 ഡിഗ്രി സെൽസ്യസിനു മുകളിൽ താപനില രേഖപ്പെടുത്തിയതോടെ മധ്യപ്രദേശിലും താപനില ഉയർന്ന നിലയിലാണ്.
അതേസമയം വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കടുത്ത ഉഷ്ണതരംഗം മൂന്ന് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത സാധ്യത കൂടിയതിനെ തുടർന്ന് ഡൽഹിയിൽ സർക്കാർ ആശുപത്രികളിൽ പ്രത്യേക കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്.