ഡല്‍ഹിയില്‍ അത്യുഷ്ണം തുടരുന്നു. ഇന്നലെ രാത്രി 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ചൂടിനൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമായതോടെ രാഷ്ട്രീയ ഏറ്റുമുട്ടലിനും കളമൊരുങ്ങി. കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി. അതേസമയം ആവശ്യത്തിന് വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മന്ത്രി അതിഷി പറഞ്ഞു.
35.2 ഡിഗ്രിയാണ് ഡല്‍ഹിയില്‍ ഇന്നലെ രാത്രി രേഖപ്പെടുത്തിയ താപനില. പകല്‍ താപനില 45 ഡിഗ്രിക്ക് മുകളിലും. ഒരാഴ്ചയായി റെഡ് അലേര്‍ട്ട് ആണ്. ചൂട് റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതിനൊപ്പം കുടിവെള്ളക്ഷമാവും കൂടിയായതോടെ ജനജീവിതം പ്രതിസന്ധിയിലായി. ടാങ്കറുകളിലാണ് പലയിടത്തും വെള്ളമെത്തിക്കുന്നത്. കുടിവെള്ളത്തിനായി ആളുകള്‍ തമ്മിലടിക്കുന്നതും പതിവായി. പിന്നാലെയാണ് എ.എ.പി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. രംഗത്തിറങ്ങിയത്. ഇന്ന് നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം മാര്‍ച്ച് നടത്തി. എ.എ.പി. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിന് കാരണമെന്നും ടാങ്കര്‍ മാഫിയയുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും ഡല്‍ഹി BJP അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ ആരോപിച്ചു
എന്നാല്‍ കേന്ദ്രം ആവശ്യത്തിന് വെള്ളം ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും മന്ത്രി അതിഷി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സത്യഗ്രഹമിരിക്കുമെന്നും അതിഷി പറഞ്ഞു.