സ്വന്തം കുഞ്ഞിനെപ്പോലെ അല്ലെങ്കില്‍ അതിനെക്കാള്‍ കരുതലോടെയാണ് ഇന്ന് പലരും വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നത്. ഇവരെ ഇങ്ങനെ വളര്‍ത്തി വലുതാക്കിയാല്‍ മാത്രം മതിയോ, കല്യാണം കൂടി കഴിപ്പിച്ചേക്കാമെന്നാണ് ചൈനക്കാരുടെ പക്ഷം. മനുഷ്യരെ തമ്മില്‍ വിവാഹം കഴിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പദ്ധതികള്‍ പൊട്ടിപാളിസാകുന്നിടത്താണ് വളര്‍ത്തുമൃഗങ്ങളുടെ കല്യാണങ്ങള്‍ തകൃതിയായി നടക്കുന്നത് എന്നുകാണുമ്പോഴാണ് കൗതുകം.

അതിമനോഹരമായ ഒരു പൂന്തോട്ടം, അതിനൊത്ത നടുവില്‍ വെളുത്ത ലേസ്പിടിപ്പിച്ച കല്യാണവേഷത്തില്‍ ഒരുങ്ങിനില്‍ക്കുന്ന മണവാട്ടി. നീലയില്‍ വെള്ളിവരകളുള്ള കോട്ട് ധരിച്ച് മണവാളനുമെത്തി. അങ്ങനെ വേണ്ടപ്പെട്ടവര്‍ക്കു നടുവില്‍ അവര്‍ ഒന്നിച്ചു. ഗോൾഡൻ റിട്രീവർ ഇനത്തിൽ പെട്ട ബ്രീയുടെയും ബോണ്ടിന്റെയും വിവാഹത്തില്‍ ഇരുവരുടെയും പ്രിയപ്പെട്ടവരെല്ലാമുണ്ടായിരുന്നു. കല്യാണവേഷവും പന്തലുമെന്തിന് കേക്ക് പോലും വെറൈറ്റിയായിരുന്നു. വധൂവരന്മാരുടെ രൂപത്തിലൊരുക്കിയ കേക്ക് മുറിച്ച് അവര്‍ തങ്ങളുടെ വിവാഹം ആഘോഷിച്ചു. ഇനിയെന്നും നല്ല പങ്കാളികളായിരിക്കുമെന്ന് ബ്രീയും ബോണ്ടും പ്രതിജ്ഞയുമെടുത്തു. 

മാസങ്ങളോളം നീണ്ട ഒരുക്കള്‍ക്കൊടുവിലാണ്  ബ്രീയും ബോണ്ടും തമ്മിലുള്ള ഈ കളര്‍ഫുള്‍ വിവാഹം നടന്നത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെ കൊണ്ടുവന്നു, അലങ്കാരങ്ങളും വസ്ത്രവും കേക്കും അങ്ങനെ ഒന്നിനൊന്ന് മെച്ചം. കേക്കിനു മാത്രം 800 യുവാനോളം, അതായത് ഒന്‍പതിനായിരത്തിലേറെ രൂപ  ചെലവായെന്നാണ് വിവരം.  ഇങ്ങനെയൊരു കേക്കിന് ഓര്‍ഡര്‍ വന്നപ്പോള്‍ ആദ്യം ഒന്ന് ഞെട്ടിയെന്നാണ് ഷാങ്ഹായിലെ ബേക്കറി ഉടമ യാങ് താവോ പിന്നീട് പറഞ്ഞത്. ചൈനയില്‍ ഇത് സര്‍വസാധാരണമാകുന്നുവെന്നും താവോ കൂട്ടിച്ചേര്‍ത്തു. പങ്കാളികളായ റൈ ലിങും ജിജി ചെനും പൊന്നുപോലെ വളര്‍ത്തുന്ന ഓമനകളാണിവര്‍. മനുഷ്യര്‍ക്ക് വിവാഹം കഴിക്കാമെങ്കില്‍ ഇവര്‍ക്കും അതാകാം എന്നാണ് ഇരുവരും പറയുന്നത്. എന്നാല്‍ നിങ്ങളുടെ വിവാഹമെന്നാണെന്ന്  ചോദിച്ചാല്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഇവര്‍ ഒഴിഞ്ഞുമാറും.

ജനങ്ങളെ വിവാഹം കഴിപ്പിക്കാനുള്ള പദ്ധതികള്‍ ചൈനയില്‍ വന്‍പരാജയമായിക്കൊണ്ടിരിക്കുകയാണ്. വിവാഹ- ജനന നിരക്കിലെ കുറവ് രാജ്യം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ്. അതിനിടെയാണ് വളര്‍ത്തുമൃഗങ്ങളുടെ വിവാഹം ഇവിടെ ട്രെന്‍ഡാകുന്നത്. വളർത്തുമൃഗങ്ങളോടുള്ള അതിരറ്റ സ്നേഹവും അവയ്ക്കുവേണ്ടി കൂടുതൽ സമയവും പണവും ചെലവഴിക്കാനുള്ള ആളുകളുടെ മനസ്സുമാണ് ഇതിനുപിന്നില്‍. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് വളർത്തുമൃഗങ്ങൾക്കുവേണ്ടിയുള്ള ചെലവ് 3.2 ശതമാനം വർദ്ധിച്ച്, ആകെ 279.3 ബില്യൺ യുവാൻ അഥവാ 3.2 ലക്ഷം കോടി രൂപ എന്ന വമ്പന്‍ കണക്കിലേക്ക് എത്തിയിരുന്നു. 

അക്വിറ്റി നോളജ് പാർട്‌ണേഴ്‌സ് എന്ന ഗവേഷണ സ്ഥാപനം നടത്തിയ പഠനമനുസരിച്ച് 2023ല്‍ ചൈനയിലെ നഗരങ്ങളിൽ 11.6 കോടിയിലധികം പൂച്ചകളും നായ്ക്കളുമുണ്ടായിരുന്നു. ഇതിനർഥം ചൈനയിലെ നഗരങ്ങളിലെ എട്ടിൽ ഒരാൾക്ക് പൂച്ചയോ നായയോ ഉണ്ടെന്നാണ്. ഇതിൽ ഭൂരിഭാഗം ഉടമകളും 40 വയസ്സിന് താഴെയുള്ളവരാണ് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

വിവാഹം കഴിക്കാന്‍ തല്‍ക്കാലം മൂഡില്ലെന്ന് പറയുന്ന മനുഷ്യര്‍ പെന്നോമനകളെ വിവാഹം കഴിപ്പിക്കുന്ന വാര്‍ത്ത ഏറെ കൗതുകം ജനിപ്പിക്കുന്നതാണ്. ബ്രീക്കും ബോണ്ടിനും ഹാപ്പി മാരിഡ് ലൈഫ്.

ENGLISH SUMMARY:

Pet weddings are on the rise in China, where government policies have had little success in encouraging more humans to wed in this fast-ageing society where the population is declining and marriage and birth rates remain low.