Credit: ZSI

Credit: ZSI

രാജ്യത്തെ ജീവി വൈവിധ്യങ്ങളുടെ കൂടാരമായി കേരളം. 641 പുതിയ ഇനം ജീവികളെ രാജ്യത്ത് പുതിയതായി കണ്ടെത്തിയതില്‍ 101 എണ്ണവും കേരളത്തില്‍ നിന്നാണ്. കേരളത്തിന് തൊട്ടുപിന്നിലായി പശ്ചിമ ബംഗാളാണുള്ളത് (72). തമിഴ്‌നാട് (64) അരുണാചല്‍ പ്രദേശ്, കര്‍ണാടക (45) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (36) എന്നിവിടങ്ങളാണ് പട്ടികയിലെ മറ്റ് സ്ഥാനക്കാര്‍. ഇതില്‍ തന്നെ ദക്ഷിണേന്ത്യയാണ് ജീവിവൈവിധ്യ കേന്ദ്രമെന്നും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വാര്‍ഷിക ജന്തുവൈവിധ്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

spider-kerala

കേരളത്തില്‍ പുതിയതായി കണ്ടെത്തിയ ജീവികളില്‍ ഒന്നാമത് ഷഡ്പദങ്ങളാണ്. തേനീച്ച, വണ്ട് വിഭാഗത്തില്‍പ്പെട്ട 24 ഇനത്തെയാണ് പുതിയതായി കണ്ടെത്തിയത്. മലപ്പുറം, എലത്തൂര്‍,അമ്പലപ്പാറ, ജാനകിക്കാട്, കാലിക്കറ്റ് സര്‍വകലാശാല, പെരുവണ്ണാമൂഴി, പറമ്പിക്കുളം,മന്നവന്‍ചോല, കടലാര്‍, പാമ്പാടുംചോല, പെരിയാര്‍ കടുവ സങ്കേതം, കരിയാന്‍ചോല, സലിം അലി പക്ഷിസങ്കേതം, സൈലന്റ് വാലി, കോഴഞ്ചേരി, മടപ്പള്ളി, വിയ്യൂര്‍, റാണിപുരം, എന്നിവയാണ് ആവാസ മേഖല. ആറളം, താലോട്, മാവൂര്‍ കോള്‍പ്പാടം, ചമ്പാട്, പാലോട്, പൊങ്ങല്‍പ്പാറ, തുഷാരഗിരി,തേക്കടി, കല്ലാര്‍, എന്നിവിടങ്ങളില്‍ മാത്രമായി ഒന്‍പതിനം വണ്ടുകളെയും തിരിച്ചറിഞ്ഞു. 13 ഇനം ചിലന്തി വര്‍ഗങ്ങള്‍ക്ക് പുറമെ എട്ടിനം ഏകകോശ ജീവികളെയും പുതിയതായി കണ്ടെത്തി. ഇവയ്ക്ക് പുറമെ ആകെ രാജ്യത്ത് കണ്ടെത്തിയ 20 ഉരഗങ്ങളില്‍ രണ്ടെണ്ണവും കേരളത്തിലാണ്. കോഴിക്കോട്, നെയ്യാര്‍, വയനാട്, കാക്കവയല്‍, ഇരിങ്ങാലക്കുട, വീയപുരം, പേപ്പാറ, കല്ലാര്‍, നെയ്യാര്‍, വണ്ടൂര്‍, പാലക്കാട് എന്നീ പ്രദേശങ്ങളിലാണ് ചിലന്തികളുടെ 'നെറ്റ് വര്‍ക്ക്' വ്യാപിച്ച് കിടക്കുന്നത്.  

രാജ്യത്താകെ 28 ഇനം മല്‍സ്യങ്ങളെ പുതിയതായി കണ്ടെത്തിയതില്‍ മൂന്നെണ്ണം കേരളത്തില്‍ നിന്നാണ്. ഒഡിഷയും മണിപ്പൂരുമാണ് ഈ പട്ടികയില്‍ മുന്നില്‍.  കാളമുക്ക് ഫിഷിങ് ഹാര്‍ബറാണ് കേരളത്തില്‍ പുതിയ മല്‍സ്യങ്ങള്‍ കണ്ടെത്തിയ സ്ഥലം. ഈല്‍  (മനഞ്ഞില്‍, ബ്ലാങ്ക്) വിഭാഗത്തില്‍പ്പെടുന്നവയാണ് ഈ മല്‍സ്യങ്ങള്‍. 

നാലിനം ചിത്രശലഭങ്ങള്‍ ഇക്കുറി കേരളത്തില്‍ പ്രത്യക്ഷമായിട്ടുണ്ട്. റാണിപുരം, മൂന്നാര്‍, കട്ടപ്പന, നരിയാംപാറ എന്നിവിടങ്ങളിലാണ് ശലഭസാന്നിധ്യം കണ്ടെത്തിയത്. ശലഭങ്ങള്‍ക്ക് പുറമെ വെള്ളരിമല, മെര്‍ക്കിന്‍സ്റ്റണ്‍ എസ്‌റ്റേറ്റ്, ലക്കിടി എന്നിവിടങ്ങളില്‍ നിന്ന് മൂന്നിനം തുമ്പികളെയും മാടായിപ്പാറ, റാണിപുരം പ്രദേശങ്ങളില്‍ ഈയലിന് സമാനമായ നേര്‍ത്ത ചിറകുള്ള തുമ്പികളെയും കണ്ടെത്തി. കോട്ടയം കോരുത്തോട്ടില്‍ പുതിയ തരം ചിതലിനെയും പൊന്‍മുടി, കോട്ടയം, കൊച്ചേറ എന്നിവിടങ്ങളില്‍ കാഴ്ചയില്‍ വിട്ടില്‍ പോലെയിരിക്കുന്ന പ്രാണികളെയും തിരിച്ചറിഞ്ഞു. തെന്‍മലയില്‍ പുതിയ ഇനം പച്ചക്കുതിരകളെ കണ്ടുതുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

hydrozoa-kochi

പാക്കിസ്ഥാനില്‍ മാത്രം കണ്ടുവന്നിരുന്ന തരം പാറ്റ, ഇന്തൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന കടല്‍പ്പേന്‍ എന്നിവയെ കേരള തീരത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ചെമ്മീന്‍ വര്‍ഗത്തില്‍പ്പെട്ട നാല് ജലജീവികളെയും വാഗമണ്‍, കൊല്ലം, റാണിപുരം, മുട്ടം എന്നിവിടങ്ങളില്‍ പുതിയതരം വിരയെയും ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഉഷ്ണമേഖല അറ്റലാന്‍ഡികില്‍ മാത്രം കണ്ടുവന്നിരുന്ന ജെല്ലി ഫിഷിനെ കൊച്ചിക്കായലിലും കണ്ടെത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കണ്ണൂരില്‍ നിന്ന് പുതിയ ഇനം പഴുതാരയും കൊല്ലം, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്ന് മൂന്നിനം തേളും മൂന്നാറിലെ ശിവമല ടീ എസ്റ്റേറ്റില്‍ നിന്നുള്ള വിഷമില്ലാത്തയിനം പാമ്പും ജീവി വെവിധ്യപ്പട്ടികയില്‍ ഇടം പിടിച്ചു. 

new-discoveries-zsi-report

രാജ്യത്ത് പുതിയതായി കണ്ടെത്തിയ 641 തംര ജീവികളില്‍ 442 എണ്ണം പുതിയ സ്പീഷിസുകളും 199 ജീവികള്‍ രാജ്യത്ത് തന്നെ ആദ്യമായി സാന്നിധ്യമറിയിച്ചവയുമാണ്. ജീവി വര്‍ഗങ്ങളില്‍ 564 എണ്ണം നട്ടെല്ലില്ലാത്തവയും 77 എണ്ണം നട്ടെല്ലുള്ള ജീവികളുമാണ്. മുന്‍ വര്‍ഷങ്ങളിലും നട്ടെല്ലില്ലാത്ത ജീവികളെയാണ് രാജ്യത്ത് നിന്നും കൂടുതലായി കണ്ടെത്തിയത്. നട്ടെല്ലില്ലാത്ത ജീവികളില്‍ പ്രാണി വര്‍ഗത്തിനാണ് മേല്‍ക്കൈ. 369 പുതിയ ഇനം പ്രാണികളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.‌

leach-report

സസ്തനി വര്‍ഗത്തില്‍പ്പെട്ട രണ്ട് ജീവികളെയാണ് ഈ വര്‍ഷം കണ്ടെത്തിയത്. ഹിമാചല്‍ പ്രദേശും കര്‍ണാടകയുമാണ് ആവാസ കേന്ദ്രം. കാപ്ര ഹിമാലയന്‍സിസ് ജാബിന്‍ എന്നയിനം കാട്ടാടിനെ ഹിമാചല്‍പ്രദേശിലെ ലഹൗളില്‍ നിന്നും ലഡാക്കില്‍ നിന്നുമാണ് കണ്ടെത്തിയത്. മിനിയോപെട്രസ് ശ്രീനിയെന്ന് പേരിട്ട വവ്വാലിനെ കര്‍ണാടകയിലെ കുടകില്‍ നിന്നും കണ്ടെത്തി. 2024 ജനുവരി 1 വരെയുള്ള കണക്കുകള്‍ പ്രകാരം 104,561 ഇനം ജീവികളാണ് രാജ്യത്തുള്ളത്.

ENGLISH SUMMARY:

Indian scientists reported a total of 641 new discoveries, including 442 new species and 199 new records for India. Kerala is home to 101 newly discovered species found in the country.