ദിനോസര്‍ (AI Image)

കടല്‍തീരത്ത് നടക്കാനിറങ്ങിയാല്‍ സാധാരണഗതിയില്‍ കക്കയും കല്ലുകളുമാണ് നമ്മളൊക്കെ കാണുക. പക്ഷേ ബ്രിട്ടിഷുകാരിയായ പത്തുവയസുകാരി തെഗാന്‍ അതിശയിപ്പിക്കുന്ന കണ്ടെത്തലാണ് നടത്തിയത്. പെനര്‍ത്തിലെ ബീച്ചില്‍ അമ്മയ്‌ക്കൊപ്പം നടക്കാനിറങ്ങിയപ്പോളാണ് അഞ്ച് ഭീമന്‍ കാല്‍പ്പാടുകള്‍ കണ്ട് തെഗാന്‍ അമ്പരന്നത്. 200 ദശലക്ഷം പഴക്കമുള്ള ദിനോസറിന്റെ കാല്‍പ്പാടുകളാണ് തെഗാന്‍ കണ്ടെത്തിയത്. 

സസ്യഭുക്കുകളായ കഴുത്ത് നീണ്ട ഭീമന്‍ ദിനോസറുകളുടേതാണ് കാല്‍പ്പാടുകളെന്നാണ് ശാസ്ത്രജ്ഞരുടെ സ്ഥിരീകരണം. ട്രിയാസിക് കാലഘട്ടത്തിന്റെ അവസാനപാദത്തിലാണ് ഈ ദിനോസറുകള്‍ ജീവിച്ചിരുന്നതെന്നും ഇവ സൗറോപൊഡോമോര്‍ഫ് കുടുംബാംഗങ്ങളാണന്നെും ഗവേഷകര്‍ വിശദീകരിക്കുന്നു. ഭൂമിയില്‍ അലഞ്ഞുനടന്നയിനം ദിനോസറുകളാണിവ. ലാവര്‍നോക്ക് പോയിന്റിലെ ചുവപ്പ് സ്ലിറ്റ് സ്റ്റോണിലാണ് 75 സെന്റീമീറ്റര്‍ വീതം അകലത്തായി കൂറ്റന്‍ കാല്‍പ്പാടുകള്‍ കണ്ടത്. കാര്‍ഡിഫിനും ബാറിക്കുമിടയിലുള്ള പ്രദേശമാണിത്. ഇവിടെ നിന്ന് മുന്‍പും ചരിത്രാതീത കാലത്തെ വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്.  

ദിനോസറിന്റെ കാല്‍പ്പാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് തെഗാനും അമ്മയും മാധ്യമങ്ങളോട് പ്രതികരിച്ചു. 'ചുമ്മാ പരിസരമൊക്കെ നിരീക്ഷിച്ച് നടക്കുകയായിരുന്നു. എന്തെങ്കിലും കണ്ടെത്താനാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അങ്ങനെ നടക്കുമ്പോഴാണ് അസാധാരണമായ വലിയ കുഴികള്‍ ശ്രദ്ധയില്‍പ്പെട്ടത്. ദിനോസര്‍ ചവിട്ടിപ്പോയതാണോ എന്ന് വെറുതേ ആലോചിച്ചെന്നും കണ്ടെത്തലില്‍ താന്‍ വളരെ സന്തോഷവതിയാണെന്നും തെഗാന്‍ പറഞ്ഞു. തെഗാന്‍ കണ്ടെത്തിയ ദിനോസര്‍ കാല്‍പ്പാടുകള്‍ അമ്മ ക്ലെയര്‍ മൊബൈലില്‍ പകര്‍ത്തി വെയില്‍സിലെ നാഷണല്‍ മ്യൂസിയത്തിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. നാല് പതിറ്റാണ്ടിലേറെയായി ഫോസിലുകളെ സംബന്ധിച്ച പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന സിന്‍ഡി ഹവല്‍സും സംഘവുമാണ് കാല്‍പ്പാടുകള്‍ ദിനോസറിന്റേതാണെന്ന് സ്ഥിരീകരിച്ചത്. കാല്‍പ്പാടുകളെ കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്നും മുന്നോട്ടുള്ള പഠനത്തില്‍ അതീവ നിര്‍ണായകമാണ് ഈ കണ്ടെത്തലെന്നും ഹവല്‍സ് പറയുന്നു.

ENGLISH SUMMARY:

10-year-old girl finds 200-million-year-old dinosaur footprints during a walk on the beach