ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ബുർജ് ഖലീഫ. ദുബായില്‍ സ്ഥിതി ചെയ്യുന്ന ഈ വമ്പന്‍ കെട്ടിടത്തിന്‍റെ ഉയരം 828 മീറ്ററാണ്. ഇവിടെ 900 അപ്പാർട്മെന്റുകളാണുള്ളത്. ബുർജ് ഖലീഫയിൽ ഒരു അപ്പാർട്മെന്റ് സ്വന്താക്കുന്നത് അഭിമാനമായി കാണുന്ന നിരവധി പേരുണ്ട്. ഇവിടെ ഏറ്റവും വില കുറഞ്ഞ അപ്പാര്‍ട്ട്മെന്‍റിന് ഇന്ത്യന്‍ രൂപ 4 കോടി നല്‍കണം. എന്നാല്‍ ഇപ്പോൾ ഇന്ത്യയിൽ ബുർജ് ഖലീഫയെ കവച്ചു വെക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡി.എൽ.എഫ്. പേര് ദാലിയസ് (Dahlias). രാജ്യത്തിന്റെ റിയൽ എസ്റ്റേറ്റ് ചരിത്രത്തിൽ ഏറ്റവും ചെലവേറിയ പ്രൊജക്ടായിരിക്കും ഇത്.
നിര്‍മാണ ചെലവിന്‍റെ കാര്യത്തിലാണ് ദാലിയസ് ബുർജ് ഖലീഫയെ മറികടക്കുന്നത്. ഒപ്പം അപ്പാര്‍ട്ട്മെന്‍റിന്‍റെ വിലയും. ബുര്‍ജ് ഖലിഫ നിർമിക്കാൻ ഏകദേശം 12,500 കോടി രൂപയാണ് ചെലവായത്. എന്നാല്‍ ദാലിയസ് അതിനെയും വെല്ലുമെന്നാണ് കമ്പനി സി.ഇ.ഒ കുശാൽ പാൽ സിങിന്‍റെ പക്ഷം.
റിപ്പോർട്ടുകൾ പ്രകാരം ബുർജ് ഖലീഫയില്‍ 1 BHK അപ്പാർട്മെന്റിന് ഏകദേശം 4 കോടി രൂപയാണ് വില. 2BHK അപ്പാർട്മെന്റിന് ഏകദേശം 5.83 കോടി രൂപയും, 3BHK ഫ്ലാറ്റിന് ഏകദേശം 14 കോടി രൂപയുമാണ് നൽകേണ്ടത്. ഡി.എൽ.എഫ് ദാലിയാസില്‍ ഒരു സ്ക്വയർ ഫീറ്റിന് 80,000 രൂപ നൽകേണ്ടതായി വരും. അതായത് ഒരു അപ്പാർട്മെന്റിന്റെ ശരാശരി വില ഏകദേശം 100 കോടി രൂപയായിരിക്കും. ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിലാണ് ഡി.എൽ.എഫ് ദാലിയാസ് പടുത്തുയർത്തുന്നത്.
400 അത്യാഡംബര ഫ്ളാറ്റുകളാണ് ഈ സമുച്ചയത്തിൽ ഒരുങ്ങുന്നത്. പദ്ധതിയുടെ ആകെ മൂല്യം ഏതാണ്ട് 34,000 കോടി രൂപ കടക്കും. ഈ ബഹുനില കെട്ടിടത്തിലെ അപ്പാർട്മെന്റുകളുടെ വിസ്തൃതി 9,500 സ്ക്വയർ ഫീറ്റ് മുതൽ 16,000 സ്ക്വയർ ഫീറ്റ് വരെയാണ്. 17 ഏക്കറുകളിലായി വ്യാപിക്കുന്ന ഈ മഹാസൗധത്തിൽ 29 നിലകളാണുണ്ടാവുക.