ഭൂമിയുടെ തെക്കേയറ്റത്ത് അഞ്ചുകിലോമീറ്ററോളം നീളത്തില്‍ മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയാണ് അന്‍റാര്‍ട്ടിക്ക. 0.4 ശതമാനം മാത്രമാണ് ഉയര്‍ന്ന് കാണുന്ന പര്‍വത ശിഖരങ്ങള്‍. ഒരു കാലത്ത് അന്‍റാര്‍ട്ടിക്ക പുല്‍മേടുകളും കാടുകളുമെല്ലാമുള്ള പ്രദേശമായിരുന്നുവെന്നും പിന്നീട് മഞ്ഞില്‍ മറഞ്ഞതാണെന്നും ഗവേഷകര്‍ പറയുന്നു. 99.6 ശതമാനവും ഇന്ന് മഞ്ഞ് മൂടിക്കിടക്കുന്ന അന്‍റാര്‍ട്ടിക്ക പഴയ കാലത്തേക്ക് മടങ്ങിപ്പോവുകയാണോ?
അന്‍റാര്‍ട്ടിക്കയിലെ പച്ചപ്പ് ആശങ്കാജനമാകും വിധം വര്‍ധിക്കുകയാണെന്ന് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍. പ്രകൃതിയില്‍ പച്ചപ്പ് കൂടുമ്പോള്‍ സന്തോഷിക്കുന്നതിന് പകരം ഭയക്കുന്നതെന്തിന് എന്ന് തോന്നുന്നുണ്ടോ? അതിവേഗത്തില്‍ കാലാവസ്ഥ മാറ്റമുണ്ടാകുന്നതിന്‍റെ സൂചകമാണ് ഗവേഷകര്‍ ഇതിനെ കാണുന്നത് . പോയപതിറ്റാണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ അന്‍റാര്‍ട്ടിക്ക പത്ത്മടങ്ങ് ഹരിതാഭമായെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ.. 1986 നും 2021 നും ഇടയില്‍ അന്‍റാര്‍ട്ടിക്കയിലെ പച്ചപ്പ് 14 മടങ്ങായി വര്‍ധിച്ചു. അതായത് കിലോ മീറ്ററില്‍ ഒരു ചതുരശ്ര അടിയില്‍ താഴെ മാത്രമുണ്ടായിരുന്നത് 12 ചതുരശ്രയടിയായി വര്‍ധിച്ചു. ഇതില്‍ 30 ശതമാനത്തിലേറെയും കടല്‍പായലുകളാണ്. മനുഷ്യന്‍റെ ഇടപെടലുകളെ തുടര്‍ന്നുണ്ടാകുന്ന കാലാവസ്ഥാമാറ്റമാണിതെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.
അന്‍റാര്‍ട്ടികയില്‍ ചൂട് കൂടുന്നോ?
ആഗോള ശരാശരിയെ അപേക്ഷിച്ച് ഇരട്ടി വേഗത്തിലാണ് അന്‍റാര്‍ട്ടിക്കയിലെ ചൂട് വര്‍ധിക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് 0.14-0.18 ഡിഗ്രി സെല്‍സ്യസ് ചൂടാണ് ആഗോളവ്യാപകമായി കൂടിയതെങ്കില്‍ അന്റാര്‍ട്ടിക്കയില്‍ ഇത് 0.22-0.32 ഡിഗ്രി സെല്‍സ്യസാണ്.
അന്‍റാര്‍ട്ടിക് ഉപദ്വീപിലെ താപനില ആഗോള ശരാശരിയെക്കാള്‍ അഞ്ചിരട്ടി വേഗത്തിലാണ് വര്‍ധിക്കുന്നത്. 1950നെക്കാള്‍ 3 ഡിഗ്രി സെല്‍സ്യസാണ് താപനില. ഉഷ്ണക്കാറ്റുകള്‍ ഗണ്യമായി വര്‍ധിച്ചതോടെ താപനില 28 ഡിഗ്രി സെല്‍സ്യസിനുമപ്പുറത്തേക്ക് 2023 ജൂലൈയിലെത്തിയെന്നും 2022 മാര്‍ച്ചില്‍ 39 ഡിഗ്രി സെല്‍സ്യസായും ഉയര്‍ന്നിരുന്നു.
പച്ചപ്പ് കൂടുന്നതിനെ എന്തിന് ഭയക്കണം?
അന്തരീക്ഷത്തില്‍ ചൂടും പച്ചപ്പും അസ്വാഭാവികമായി വര്‍ധിക്കുന്നത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കും. ഇതോടെ സ്വാഭാവികമായ പുല്ലുകള്‍ക്കും പായലുകള്‍ക്കും പകരം വിദേശികളായ സസ്യജാലങ്ങള്‍ക്ക് വളരാന്‍ അവസരമുണ്ടാകും. ഇത് ജൈവ വൈവിധ്യത്തെ ശുഷ്‌കമാക്കും.
ആല്‍ബിഡോ ഇഫക്ട്: അന്‍റാര്‍ട്ടിക്കയിലെ പച്ചപ്പ് കൂടുന്നത് ആല്‍ബിഡോ പ്രഭാവത്തെയും ബാധിക്കും. ഒരു പ്രദേശത്തിന്‍റെ ഉപരിതലം സ്വീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന സൂര്യപ്രകാശം ആ പ്രദേശത്തിന് മുകളിലെ വായുവിനെ ബാധിക്കുന്ന പ്രതിഭാസത്തെയാണ് ആല്‍ബിഡോ പ്രഭാവം എന്ന് പറയുന്നത്. അതായത് സൂര്യനില്‍ നിന്നുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള പ്രതലോപരിതലത്തിന്‍റെ കഴിവെന്നും ഇതിനെ പറയാം. പൊതുവെ ഇരുണ്ട പ്രതലങ്ങള്‍ സൂര്യനില്‍ നിന്നുള്ള പ്രകാശം സ്വീകരിക്കുന്നതും പ്രതിഫലിപ്പിക്കുന്നതും കുറവായിരിക്കും. ഐസ് അല്ലെങ്കില്‍ അന്‍റാര്‍ട്ടിക്ക പോലുള്ള മഞ്ഞു മൂടിയ പ്രദേശങ്ങള്‍ ഉയര്‍ന്ന ആല്‍ബിഡോ ഉള്ള പ്രദേശങ്ങളാണ്. ഇങ്ങനെ മഞ്ഞുമൂടിയ പ്രദേശങ്ങള്‍ സൂര്യ പ്രകാശത്തെ വലിയ അളവില്‍ വലിച്ചെടുക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഭൂമിയിലെയും സമുദ്രത്തിലെയും താപനില അപകടകരമായ നിലയിലേക്ക് മാറാത്തത്.
അന്‍റാര്‍ട്ടിക്കയിലെ പച്ചപ്പ് കൂടുമ്പോള്‍ ഈ ആല്‍ബിഡോ പ്രഭാവം കുറയുകയും അത് ചൂടുകൂടാന്‍ കാരണമാകുന്നതിനൊപ്പം നിലവിലുള്ള സസ്യജാലങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.
മഞ്ഞുമാറി മണ്ണു വരും !
സസ്യങ്ങളുടെ വളര്‍ച്ച മണ്ണ് രൂപപ്പെടുന്നതിന് വഴിവയ്ക്കും. പോഷകങ്ങള്‍ ഇറങ്ങി തുടങ്ങുന്നതോടെ സ്വാഭാവികമല്ലാത്ത ജീവിജാലങ്ങളുടെ വളര്‍ച്ചയ്ക്ക് ഹേതുവാകും. ആല്‍ബിഡോ പ്രഭാവം കുറയുകയും ചൂട് കൂടുകയും ചെയ്യുമ്പോള്‍ അന്‍റാര്‍ട്ടികയിലെ മഞ്ഞുരുക്കവും കൂടും. ഇത് സമുദ്രജല നിരപ്പ് വര്‍ധിക്കുന്നതിനിടയാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇത് തീരജൈവ വ്യവസ്ഥയെ തകിടംമറിക്കുമെന്നും തീരപ്രദേശങ്ങളിലെ മനുഷ്യവാസത്തെയടക്കം ബാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രളയവും മണ്ണൊലിപ്പും സാധാരണവുമാകും.
മുന്നിലെന്താണ് വഴി?
ഹരിതവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ലോകമെങ്ങും ത്വരിതപ്പെടുത്തുക, പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകളിലേക്ക് മാറുക എന്നിവയാണ് കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കാനുള്ള വഴി. അന്‍റാര്‍ട്ടിക്കയില്‍ ഇനിയും താപനില ഉയരാതിരിക്കാനുള്ള സത്വരമായ നടപടികള്‍ കൈക്കൊള്ളുകയും വേണം.
ജൈവസുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കി വിദേശികളായ ജീവജാലങ്ങള്‍ അന്‍റാര്‍ട്ടികയില്‍ കടക്കുന്നത് തടയാനുള്ള നിരന്തര ജാഗ്രത വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുന്നു. ഇതിനെല്ലാം പുറമെ ആഗോള സഹകരണത്തിന്‍റെ ആവശ്യകതയിലേക്കും റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നു. കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.