ദിനോസറുകളുടെ വംശനാശത്തിന് ശേഷം ഇതാ മനുഷ്യനും ഭൂമിയില്‍ നിന്ന് പാടേ അപ്രത്യക്ഷമാകുമെന്ന് റിപ്പോര്‍ട്ട്. നേച്ചര്‍ ജിയോസയന്‍സാണ് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഡോക്ടര്‍ അലക്സാണ്ടര്‍ ഫാണ്‍സ്വര്‍ത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കാലാവസ്ഥാമാറ്റങ്ങളും ഭൂമിയുടെ ഭാവിയും എന്താകുമെന്ന ഗവേഷണമാണ് ഈ നടുക്കുന്ന കണ്ടെത്തലിലേക്ക് നയിച്ചത്.
ഭൂമി പുരാതന കാലത്തുണ്ടായിരുന്നത് പോലെ ഒരൊറ്റ ഭൂഖണ്ഡമായി (പാന്‍ജിയ അള്‍ട്ടിമ) മാറുമെന്ന് പഠനം പ്രവചിക്കുന്നു. പാന്‍ജിയ അള്‍ട്ടിമ ഭൂമിയുടെ കാലാവസ്ഥാ പ്രകൃതം തന്നെ മാറ്റിക്കളയുമെന്നും ഒരൊറ്റ ഭൂഖണ്ഡമാകുന്നതിന് പിന്നാലെ ഭൂമി ചുട്ടുപഴുക്കാന്‍ തുടങ്ങുമെന്നും പഠനം വ്യക്തമാക്കുന്നു. ഇതോടെ ഭൂമിയിലെ മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങള്‍ ചത്തൊടുങ്ങുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. Also Read: ആഫ്രിക്ക രണ്ടായി പിളരുന്നു; രൂപപ്പെടുന്നു ആറാം സമുദ്രം!
കാലാവസ്ഥ എങ്ങനെ മാറുമെന്ന് സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. അമിതമായ ചൂടും ഉഷ്ണക്കാറ്റും കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിറഞ്ഞ അന്തരീക്ഷവുമുള്ള ഗ്രഹമായി ഭൂമി മാറുമെന്നും ഡോ. ഫാണ്‍സ്വര്‍ത്ത് പ്രവചിക്കുന്നു.
നൂറ്റാണ്ടുകള്‍ കൊണ്ട് ചുട്ടുപഴുത്ത സൂര്യന്‍ ഭൂമിയിലേക്ക് ആ ചൂട് പ്രവഹിപ്പിക്കും. ഒപ്പം ഭൂമിക്കടിയിലെ ശിലകള്‍ കൂടിച്ചേരുമ്പോളുണ്ടാകുന്ന അഗ്നിപര്‍വതസ്ഫോടനത്തിന് സമാനമായ സാഹചര്യം അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിറയ്ക്കും. താപനില സ്ഥിരമായി 40 ഡിഗ്രി മുതല്‍ 50 ഡിഗ്രി വരെയും അതില്‍ കൂടുതലായും ഉയരാം. ഇത് അത്യുഷ്ണത്തിന് കാരണമാകും. പിടിച്ചു നില്‍ക്കാനാവാതെ മനുഷ്യനും മറ്റുജന്തുജാലങ്ങളും ചത്തൊടുങ്ങുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മനുഷ്യനടക്കമുള്ള സസ്തനികള്‍ ഈ കാലാവസ്ഥയെ അതിജീവിക്കാന്‍ വെറും 8 മുതല്‍ 16 ശതമാനം വരെ സാധ്യത മാത്രമാണ് പഠനം കാണുന്നത്. ഇനി കാലാവസ്ഥയെ അതിജീവിച്ചാലും ഭക്ഷണവും വെള്ളവും വെല്ലുവിളിയാകും.
ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമേ ഇത് സംഭവിക്കുകയുള്ളൂവെങ്കിലും ഇത് വിരല്‍ചൂണ്ടുന്നത് കാലാവസ്ഥാ മാറ്റത്തെ ചെറുക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണെന്ന് പഠനം പറയുന്നു. ഹരിതഗൃഹ പ്രഭാവത്തെ കഴിയുന്ന വിധത്തില്‍ തടയണമെന്നും അല്ലെങ്കില്‍ മനുഷ്യന്‍റെ വംശനാശത്തിലാകും അത് കലാശിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 250 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷമേ ഇത് സംഭവിക്കുകയുള്ളൂവെന്നാണ് ഗവേഷകര്‍ പറയുന്നത്. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് പ്രവചിക്കുന്നതിനായി ഭൂശിലാപാളികളുടെ ചലനത്തെയും സമുദ്രങ്ങളെയും വിശദമായി പഠിച്ചുവെന്നും നിലവില്‍ 400 പിപിഎം ഉള്ളത് 600 പിപിഎം ആയി വൈകാതെ വര്‍ധിക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.