അത്യപൂര്‍വ അന്തരീക്ഷ പ്രതിഭാസമായ 'കടല്‍ മഞ്ഞി' (Sea smoke)നെ അന്‍റാര്‍ട്ടിക്കയില്‍ നിന്ന് 'ഒപ്പിയെടുത്ത് ' നാസയുടെ ലാന്‍ഡ്സാറ്റ് 8 ഉപഗ്രഹം. ചൂടായ സമുദ്രഭാഗത്തിന് മുകളിലൂടെ തണുത്ത വായു നീങ്ങുമ്പോഴാണ് സാധാരണയായി 'കടല്‍ മഞ്ഞ്' രൂപപ്പെടുന്നത്. ഒക്ടോബര്‍ 10നാണ് ഉപഗ്രഹം ഈ ചിത്രം പകര്‍ത്തിയത്. വെള്ളപുതച്ച് കിടക്കുന്ന ഭൂഖണ്ഡത്തിന്‍റെ അതിലോലമായ മഞ്ഞുപ്രദേശങ്ങളിലേക്കുള്ള കാഴ്ച കൂടിയായി ഈ ചിത്രം. ഹിമാനിയുടെ അറ്റത്ത് കടല്‍മഞ്ഞിനൊപ്പം മഞ്ഞരുവി രൂപപ്പെട്ടതും ചിത്രങ്ങളില്‍ ദൃശ്യമാണ്.
അന്‍റാര്‍ട്ടിക്കയുടെ ഹിമാനികളുടെ തുടക്കത്തില്‍ നിന്നാണ് ഈ ആവിപ്പുക രൂപപ്പെട്ടത്. അവിടെ നിന്നും മുകളറ്റത്തുള്ള വെള്ളം വരെ ഇത് നീണ്ട് നിന്നു. അസാധാരണമാണ് ഈ കാഴ്ചയെന്നും അഥവാ ഈ പ്രതിഭാസമുണ്ടായാല്‍ തന്നെ മേഘങ്ങള്‍ കാഴ്ച മറയ്ക്കുകയാണ് ചെയ്യാറുള്ളതെന്നും മെറിലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനായ ക്രിസ്റ്റഫര്‍ ഷുമാന്‍ പറയുന്നു. അന്‍റാര്‍ട്ടിക്കയിലെ പൈന്‍ ഐലന്‍ഡ് ഗ്ലേസിയറിന് സമീപത്ത് നിന്നുമാണ് ഇതിന്‍റെ ഉദ്ഭവമെന്നാണ് സൂചന. Also Read: അന്‍റാര്‍ട്ടിക്കയില്‍ പച്ചപ്പേറുന്നു; വരാനിരിക്കുന്നത് വന്‍ വിപത്തോ?
മഞ്ഞ്, വെള്ളം, വായു ഇവ മൂന്നും സമ്പര്‍ക്കത്തിലാകുമ്പോഴാണ് 'ആവിപ്പുക' ഉണ്ടാവുന്നത്. അതിശക്തമായ കാറ്റ് ഹിമാനിയുടെ തുടക്കത്തില്‍ നിന്ന് വെള്ളത്തെയും മഞ്ഞിനെയും അടിച്ച് പറപ്പിച്ച് കൊണ്ടുപോകുന്നതാണിതെന്നും ചൂട് വെള്ളമാണ് ഇതിന്‍റെ ഫലമായി ഉണ്ടാകുന്നതെന്നും ക്രിസ്റ്റഫര്‍ വിശദീകരിക്കുന്നു. ചൂടാകുന്ന ഈ വെള്ളം അന്‍റാര്‍ട്ടിക്കയിലെ വായുവുമായി കലരുന്നതോടെ സാന്ദ്രീകരണം സംഭവിക്കുകയും ചെറിയ ഐസുകട്ടകളായി ജലോപരിതലത്തില്‍ ഉയര്‍ന്നുവരികയും ചെയ്യും.
അന്‍റാര്‍ട്ടിക്കയ്ക്ക് മീതെ ഇത്ര ശക്തിയില്‍ കാറ്റ് വീശുന്നത് കാലാവസ്ഥാ മാറ്റത്തിന്‍റെ തീവ്രതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരത്തില്‍ പറന്നെത്തുന്ന മഞ്ഞുകണങ്ങള്‍ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികളുടെ സന്തുലിതാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്നതില്‍ ഗവേഷകര്‍ പഠനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മഞ്ഞുറഞ്ഞ് കിടക്കുന്ന ഈ ഭൂഭാഗത്തേക്ക് എത്തിപ്പെടാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പഠനത്തെ സങ്കീര്‍ണമാക്കുകയാണ്. ശക്തിയേറിയ വസന്തകാല കാറ്റാണ് അന്‍റാര്‍ട്ടിക്കയിലെ 'മഞ്ഞരുവി'യുടെ പിറവിക്ക് കാരണമായത്. ഹിമാനിയുടെ തെക്കന്‍ മുനമ്പിലാണ് അരുവി രൂപപ്പെട്ടത്.
അതിവേഗം ഉരുകുന്ന ഹിമാനിയായ പൈന്‍ ഐലന്‍ഡ് ഹിമാനി, ത്വൈറ്റ്സ് ഹിമാനിയെപ്പോലെ തന്നെ അന്‍റാര്‍ട്ടിക്കയുടെ സ്വഭാവത്തെ നിര്‍ണയിക്കുന്നതാണ്. പടിഞ്ഞാറന്‍ അന്‍റാര്‍ട്ടിക്ക് മഞ്ഞുപാളിയില്‍ നിന്നുള്ള മഞ്ഞിന്‍റെ സഞ്ചാരം അമുന്‍ഡ്സെന്‍ സമുദ്രത്തിലേക്ക് എത്തുന്നത് പൈന്‍ ഐലന്‍ഡിലൂടെയാണ്. അതിവേഗത്തില്‍ രണ്ട് ഹിമാനികളും ഉരുകുന്നത് കൂറ്റന്‍ മഞ്ഞുമലകളുടെ രൂപീകരണത്തിന് കാരണമാകുന്നുവെന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത.
അന്‍റാര്‍ട്ടിക്കയിലെ പൈന്‍ ഐലന്‍ഡ് ഗ്ലേസിയറില്‍ സംഭവിക്കുന്ന ഇത്തരം മഞ്ഞരുവികളും കടല്‍ മഞ്ഞും കാലാവസ്ഥാ പ്രതിഭാസങ്ങള്‍ അന്‍റാര്‍ട്ടിക്കയിലെ ഹിമാനികളില്‍ വര്‍ധിക്കുന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതീവ പരിസ്ഥിതിലോല പ്രദേശമായ ഈ ഭൂഭാഗങ്ങളുടെ സംരക്ഷണത്തില്‍ മതിയായ ശ്രദ്ധയും പഠന ഗവേഷണങ്ങളും ആവശ്യമുണ്ടെന്നും ഇത്തരം കാലാവസ്ഥാ പ്രതിഭാസങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.