Image: Wyffels et al. 2024

Image: Wyffels et al. 2024

TOPICS COVERED

സ്രാവുകളില്‍ പ്രത്യേകിച്ച് സാന്‍ഡ് ടൈഗര്‍ സ്രാവുകളുടെ ഇണചേരലിനെക്കുറിച്ച് കൗതുകകരമായ വിവരങ്ങള്‍ പങ്കുവച്ച് ഗവേഷകര്‍. അമേരിക്കയിലെ നോര്‍ത്ത് കരൊലൈനയുടെ തീരങ്ങളില്‍ കണ്ടുവരുന്ന സ്രാവുകളെ നിരീക്ഷിച്ചതില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്. സ്രാവുകളുടെ ശരീരത്തില്‍ കണ്ടെത്തിയ കടിയേറ്റ തരത്തിലുള്ള മുറിവുകൾ വിലയിരുത്തിയ ഗവേഷകര്‍ തികച്ചും വന്യമായാണ് ഇവ ഇണചേരുന്നതെന്ന നിഗമനത്തിലാണ്.

ഇണചേരലിനിടയില്‍ ആണ്‍ സ്രാവുകള്‍ പെണ്‍ സ്രാവുകളു‍ടെ ശരീരത്തില്‍ കടിക്കാറുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇണചേരുന്ന സമയം മുഴുവന്‍ ഇണയെ ഒരേ സ്ഥാനത്ത് നിര്‍ത്താനാണിത്. ഇതിന്‍റെ തെളിവാണത്രെ പെണ്‍ സ്രാവുകളുടെ ശരീരത്തിലെ മുറിവുകള്‍. വലിയ സ്രാവുകളിൽ ഇണചേരൽ കൂടുതൽ സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ ഇവയില്‍ ഈ സ്വഭാവം കൂടുതല്‍ പ്രകടമാണെന്നും പഠനം പറയുന്നു. എൻവയൺമെന്‍റല്‍ ബയോളജി ഓഫ് ഫിഷറീസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

പെണ്‍ സ്രാവുകളുടെ ശരീരത്തില്‍ മാത്രമല്ല ആണ്‍ സ്രാവുകളുടെ ശരീരത്തിലും കടിയേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇണചേരുന്ന സമയങ്ങളില്‍ ആണ്‍ സ്രാവുകളില്‍ നിന്ന് കടിയേല്‍‌ക്കേണ്ടി വരുമ്പോള്‍ ചില പെണ്‍ സ്രാവുകള്‍ ആണ്‍ സ്രാവുകളെ തിരിച്ച് ആക്രമിക്കാറുണ്ടെന്ന് ഈ പാടുകള്‍ സൂചിപ്പിക്കുന്നു. സാന്‍ഡ് ടൈഗര്‍ സ്രാവുകളുടെ ഇണചേരലും പ്രത്യുല്‍പാദനവും പഠിക്കുന്നതിനായി സ്രാവുകളെ തുടര്‍ച്ചയായി നിരീക്ഷിച്ചും 2,876 ഫോട്ടോകൾ വിശകലനം ചെയ്തുമാണ് പഠനം തയ്യാറാക്കിയത്. 

നോർത്ത് കരൊലൈന, സ്രാവുകള്‍ തുടര്‍ച്ചയായി ഇണചേരന്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണെന്ന് പതിനഞ്ച് വര്‍ഷം വരെ പഴക്കമുള്ള ചിത്രങ്ങള്‍ തെളിയിക്കുന്നു. പുതിയ മുറിവുകൾ മുതൽ ഭേദമായ പാടുകൾ വരെ സ്രാവുകളുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മെയ് മാസത്തിൽ പുതിയ മുറിവുകൾ വർദ്ധിക്കുന്നതായും ജൂലൈ വരെ ഇത് കാണപ്പെടുകയും ചെയ്യുന്നു. വേനൽക്കാലത്തിന്‍റെ അവസാനത്തോടെ പെണ്‍ സ്രാവുകള്‍ ഗർഭധാരണത്തിനായി ഇതേ പ്രദേശത്ത് തുടരുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.

ശരീരത്തില്‍ തുടര്‍ച്ചയായി മുറിവുകളുണ്ടാവുന്നുണ്ടെങ്കിലും വേഗത്തില്‍ അവ ഭേദമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആഴത്തിലുള്ള മുറിവുകൾ പോലും ആഴ്‌ചകൾക്കുള്ളിൽ ഉണങ്ങും. സ്രാവുകളുടെ അസാധാരണമായ പ്രതിരോധശേഷി വെളിവാക്കുന്നതാണ് ഈ കണ്ടെത്തല്‍. 85 ദിവസത്തിനുള്ളിൽ എല്ലാ മുറിവുകളും സുഖപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രതിരോധശേഷി അതിജീവനത്തിനും പ്രത്യുല്‍പാദനത്തിനും സ്രാവുകളെ സഹായിക്കുന്നു. വംശനാശഭീഷണി നേരിടുന്ന സാന്‍ഡ് ടൈഗര്‍ സ്രാവുകളുടെ പ്രധാന ആവാസമേഖലയാണ് നോർത്ത് കരൊലൈന.

ENGLISH SUMMARY:

Researchers studying sharks off the coast of North Carolina uncover fascinating details about the aggressive and wild mating process of sand tiger sharks.