ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കാസ്‍വാന്‍ കഴിഞ്ഞദിവസം എക്സില്‍ ഒരു വിഡിയോ പങ്കുവച്ചു. വനമേഖലയില്‍ ഒരു മലയോര റോഡിന്‍റെ വളവില്‍ കാട്ടാനയ്ക്കുമുന്നില്‍പ്പെട്ട ഒരു യുവാവ്. പിടിയാന അയാള്‍ക്കുനേരെ പാഞ്ഞടുക്കുന്നു. പയ്യന്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതുപോലെ അഭിനയിക്കുന്നു. പിന്നെ തിരികെ ആനയുടെ നേര്‍ക്ക് നടക്കുന്നു. ആനയുടെ ചലനങ്ങളനുസരിച്ച് അതിനെ കബളിപ്പിച്ച് റോഡില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിമാറി അഭ്യാസപ്രകടനം. ഇതിനിടെ പിടിയാനയ്ക്കുപിന്നിലായി, കുട്ടിയുള്‍പ്പെട്ട ആനക്കൂട്ടം റോഡ് മുറിച്ച് കടക്കുന്നു. സമ്മര്‍ദത്തിലായ കാട്ടാന ഒടുവില്‍ പിന്തിരിഞ്ഞ് പോകുന്നു. ആനക്കൂട്ടത്തിലെ മറ്റ് ആനകളെയും യുവാവ് പിന്തുടര്‍ന്ന് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. കണ്ടുനിന്നവര്‍ ആര്‍ത്തുവിളിക്കുന്നത് വിഡിയോയില്‍ കേള്‍ക്കാം. എവിടെയാണ് സംഭവം എന്ന് വ്യക്തമല്ല. വിഡിയോ പുറത്തുവന്നതോടെ യുവാവിനെ അതിശക്തമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍.
‘ഈ വിഡിയോയിലെ മൃഗം ഏതാണെന്ന് തിരിച്ചറിയൂ’ എന്ന തലക്കെട്ടോടെയാണ് പര്‍വീണ്‍ കാസ്‍വാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഒപ്പം അദ്ദേഹം ഇങ്ങനെ പറയുന്നു. ‘നിങ്ങള്‍ ചെറുപ്പമായിരിക്കാം, ആനയെ ഓടിത്തോല്‍പ്പിക്കാനും കഴിയുമായിരിക്കും. എന്നാല്‍ ഈ ആനകള്‍ അടുത്ത ഏതാനും ദിവസം മറ്റ് മനുഷ്യരെ കണ്ടാല്‍ വെറുതെവിടില്ല. നിങ്ങളുടെ നേരംപോക്കിനുവേണ്ടി വന്യജീവികളെ അലോസരപ്പെടുത്തരുത്.’ തുടര്‍ന്ന് അദ്ദേഹം ആനകള്‍ക്കുണ്ടാകാനിടയുള്ള മാനസികപ്രശ്നങ്ങളെക്കുറിച്ച് വിശദമായ കുറിപ്പും പങ്കുവച്ചു.
‘ആനകള്‍ ബുദ്ധിശക്തിയേറിയ മൃഗങ്ങളാണ്, സമൂഹജീവികളുമാണ്. മനുഷ്യരുമായുള്ള അവരുടെ ഇടപെടലുകള്‍ ആനകളുടെ സ്വഭാവത്തെ അതിവേഗം ആഴത്തില്‍ സ്വാധീനിക്കും. മനുഷ്യര്‍ അവയെ അലോസരപ്പെടുത്തിയാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവയുടെ പെരുമാറ്റത്തില്‍ വലിയ വ്യത്യാസം ഉണ്ടാകും. ഈ ദിവസങ്ങളില്‍ ആനകളുടെ മാനസികസമ്മര്‍ദം കൂടുന്നതിനാല്‍ അവ ആക്രമണകാരികളാകും. നല്ല ഓര്‍മശക്തിയുള്ളതിനാല്‍ മനുഷ്യരെ കണ്ടാല്‍ മറ്റൊരാള്‍ ഭയപ്പെടുത്തിയ ഓര്‍മയില്‍ അവരെ ആക്രമിച്ചേക്കാം. മോശം അനുഭവമുണ്ടായ സ്ഥലങ്ങളില്‍ നിന്ന് ഒഴിവായിപ്പോകാനും ആനകള്‍ ശ്രമിക്കും. ചിലത് കൂട്ടംതെറ്റുകയും ചെയ്യും.’ വന്യജീവിസംരക്ഷണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് ഇത്തരം പ്രവര്‍ത്തികളെന്നും കാസ്‍വാന്‍ പറയുന്നു.
വിഡിയോ കണ്ടവര്‍ അതിരൂക്ഷമായ വിമര്‍ശനമാണ് യുവാവിനെതിരെ ഉന്നയിക്കുന്നത്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്ന് ഒട്ടേറെപ്പേര്‍ ആവശ്യപ്പെട്ടു. ആ വിഡിയോയിലെ ഏകമൃഗം രണ്ടുകാലുള്ളയാളാണെന്നാണ് ഹരീഷ് നവലുരു എന്ന എക്സ് യൂസറുടെ കമന്‍റ്. ചെയ്ത തെറ്റിന്‍റെ ആഴം വൈകാതെ അയാള്‍ക്ക് ബോധ്യപ്പെടുമെന്നായിരുന്നു ആംബര്‍ ദത്തയുടെ കുറിപ്പ്. നിയമം നടപ്പാക്കുന്നത് താനായിരുന്നെങ്കില്‍ ഇയാളെ ആറുമാസം മൃഗശാലയില്‍ ക്ലീനിങ് ജോലിക്കയച്ചേനെയെന്ന് കണ്‍സ്യൂമര്‍ റിസര്‍ച്ചര്‍ പ്രശാന്ത് ശുക്ലയും കുറിച്ചു.