Image: Screengrab from BBC video
പ്രകൃതി സംരക്ഷണത്തിനായുള്ള മാര്‍ഗങ്ങള്‍ രൂപീകരിക്കാന്‍ ചേരാനിരിക്കുന്ന സിഒപി30 കാലാവസ്ഥാ ഉച്ചകോടി നടത്തുന്നതിനായി അടിസ്ഥാന സൗകര്യമൊരുക്കാന്‍ ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റി ബ്രസീല്‍. വ്യാപക വിമര്‍ശനമാണ് ബ്രസീലിന്‍റെ നടപടിക്കെതിരെ ഉയരുന്നത്. നാലുവരിപ്പാത നിര്‍മിക്കുന്നതിനായി ആമസോണ്‍ മഴക്കാടുകളില്‍ നിന്ന് ആയിരക്കണക്കിന് മരങ്ങളാണ് ഇതിനകം വെട്ടിമാറ്റിയത്. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്കെത്തുന്നവര്‍ക്ക് സുഗമമായി യാത്ര ചെയ്യുന്നതിനും പ്രദേശത്തിന്‍റെ വികസനത്തിനായുമാണ് നടപടിയെന്നാണ് ബ്രസീല്‍ സര്‍ക്കാരിന്‍റെ വാദം. എന്തുതരം പ്രകൃതി സംരക്ഷണമാണ് ബ്രസീല്‍ നടത്തുന്നതെന്നും കാലാവസ്ഥ ഉച്ചകോടിയുടെ തന്നെ അര്‍ഥം കളഞ്ഞുകുളിച്ചില്ലേയെന്നുമുള്ള ചോദ്യങ്ങളാണ് പരിസ്ഥിതി സംഘടനകള്‍ ചോദ്യമുയര്‍ത്തുന്നത്.
അതേസമയം, നവംബറില്‍ നടക്കാനിരിക്കുന്ന കാലാവസ്ഥ ഉച്ചകോടിക്കായി അരലക്ഷത്തോളം പേരോളം ബ്രസീലിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും പ്രതിനിധികളെത്തുമ്പോള്‍ നഗരത്തില്‍ വന്‍തോതില്‍ ഗതാഗതക്കുരുക്ക് രൂപപ്പെടുമെന്നും അതൊഴിവാക്കുന്നതിനായി പുതിയ നാലുവരി ഹൈവേ നിര്‍മിക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ തല തീരുമാനമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ചരിത്രത്തിലിടം നേടാന്‍ പോകുന്ന കാലാവസ്ഥ ഉച്ചകോടിയാകും ബ്രസീലില്‍ നടക്കാനിരിക്കുന്നതെന്നും നിലവിലെ വിവാദങ്ങള്‍ ഇതിനെ ബാധിക്കില്ലെന്നുമായിരുന്നു ബ്രസീന്‍ പ്രസിഡന്‍റിന്‍റെയും പരിസ്ഥിതി മന്ത്രിയുടെയും പ്രതികരണം. റോഡ് വരുന്നത് എന്തുകൊണ്ടും നല്ലതാണെന്നും ആമസോണ്‍ എന്താണെന്ന് പുറംലോകത്തിന് കാണാന്‍ കഴിയുമെന്നും, അവിടെ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പ്രകൃതിയുടെ മനോഹാരിത അനുഭവിച്ചറിയാനും സാധിക്കുമെന്നും അതിനെല്ലാമുള്ള അവസരമാണ് റോഡ് വരുന്നതിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബ്രസീലിന്‍റേത് ഇരട്ടത്താപ്പും പൊയ്മുഖവുമാണെന്നും കാലാവസ്ഥ ഉച്ചകോടി ബഹിഷ്കരിക്കുകയാണ് മറ്റ് രാജ്യങ്ങള്‍ ചെയ്യേണ്ടതെന്നും പരിസ്ഥിതി സംഘടനകള്‍ പറയുന്നു.
സവിശേഷമായ ജൈവവൈവിധ്യത്തിന്‍റെ ഈറ്റില്ലമാണ് ആമസോണ്‍ മഴക്കാടുകള്‍. വന്‍തോതില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് ഓക്സിജന്‍ പുറന്തള്ളുന്ന മഴക്കാട് വെട്ടി നശിപ്പിക്കുന്നതിനെതിരെ പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്ന് നാട്ടുകാര്‍ പറയുന്നു.കാട്ടുവെട്ടിത്തെളിച്ച് റോഡുണ്ടാക്കുന്ന നടപടി വന്യജീവികള്‍ക്കും ഭീഷണിയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.