ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ –2 ന്റെ ഭാഗമായ വിക്രം ലാൻഡറിനെ വൈകാതെ കണ്ടെത്തുമെന്ന് നാസ ഗവേഷകർ. നാസയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്റർ (എൽആർഒ) വിക്രം ലാൻഡർ ലാൻഡ് ചെയ്തുവെന്ന് കരുതുന്ന പ്രദേശത്തെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. മികച്ച ലൈറ്റിങ്ങുള്ള സമയത്താണ് പുതിയ ചിത്രങ്ങൾ എടുത്തിട്ടുള്ളതെന്നും ലാൻഡർ കണ്ടെത്താൻ വിദഗ്ധർ തിരച്ചിൽ നടത്തുകയാണെന്നും എൽആർഒ പ്രോജക്ട് സയന്റിസ്റ്റ് നോവ പെട്രോ പറഞ്ഞു.
തിങ്കളാഴ്ച എൽആർഒ ഇതുവഴി പോകുമ്പോൾ ലൈറ്റിങ് കൂടുതൽ അനുകൂലമായിരുന്നു ( ഇപ്പോൾ ഈ പ്രദേശത്ത് നിഴൽ കുറവാണ്) എന്നും പെട്രോ പറഞ്ഞു. സെപ്റ്റംബർ 17 ന് എൽആർഒയുടെ അവസാന ഫ്ലൈഓവറിനിടെ എടുത്ത ചിത്രങ്ങളിൽ വിക്രം കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞില്ല. സന്ധ്യയായപ്പോൾ ചന്ദ്രോപരിതലത്തിന്റെ ഭൂരിഭാഗത്തും മൂടിക്കെട്ടിയ നീണ്ട നിഴലുകളായിരുന്നു.തിങ്കളാഴ്ച എൽആർഒ വീണ്ടും വിക്രമിന്റെ ലാൻഡിങ് പ്രദേശത്തിനു മുകളിലൂടെ പറന്നു ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. ക്യാമറ ടീം ചിത്രങ്ങൾ വിലയിരുത്തുന്നുണ്ടെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ വിക്രം ലാൻഡറെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും നോവ പറഞ്ഞു.
നവംബർ 10ന് എൽആർഒ ഈ പ്രദേശത്തു കൂടി വീണ്ടും സഞ്ചരിക്കുമെന്നും ചിത്രങ്ങൾക്ക് അനുകൂലമായ ലൈറ്റിങ് സാഹചര്യങ്ങളുള്ള മറ്റൊരു മികച്ച അവസരമാണിതെന്നും പെട്രോ പറഞ്ഞു. സെപ്റ്റംബർ ആറിന് ശേഷം ഇസ്‌റോയുമായി വിക്രം ലാൻഡറിന്റെ ബന്ധം നഷ്ടപ്പെടുകയും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് ചുറ്റുമുള്ള പ്രദേശത്ത് ഇടിച്ചിറങ്ങുകയുമായിരുന്നു.