845x440-Grapes

TAGS

വിളഞ്ഞ മുന്തിരിത്തോപ്പുകളിലെ മുന്തിരികള്‍ എന്തുചെയ്യണമെന്നറിയാതെ നാസിക്കിലെ കര്‍ഷകര്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ വിപണിയിലേക്കെത്താത്തതും  ജോലിക്കെത്താത്തതും തിരിച്ചടിയായി.

വിളഞ്ഞുകിടക്കുകയാണ് നാസിക്കിലെ പാടങ്ങള്‍. പക്ഷെ വിളവെടുക്കനാളില്ല. വാങ്ങാനുമാരുമില്ല. വീഞ്ഞിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന നാസിക്കിലെ കര്‍ഷകര്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കൂടുതലായും മുന്തിരിയുടെ കയറ്റുമതിയാണ് ഇവിടെ ഉണ്ടായിരുന്നത്. ലോക്ക് ഡൗണില്‍ വിപണി നിശ്ചലമായതോടെ മുന്തിരിയുടെ സംഭരണവും പ്രതിസന്ധിയിലായി.

വിള‍ഞ്ഞ മുന്തിരികള്‍ പറിച്ചെടുക്കാന്‍ തൊഴിലാളികളുമെത്താഞ്ഞതോടെ പാകമായ മുന്തിരിക്കുലകള്‍ പഴുത്ത് ചീയാനും തുടങ്ങി. കിട്ടുന്ന ആളുകളെ വെച്ച് മുന്തിരി പറിച്ചെടുത്ത് ഉണക്കി ഉണക്കമുന്തിരിയാക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. 

വില താരതമ്യേന കുറവെ കിട്ടൂവെങ്കിലും മുന്തിരികള്‍ നശിച്ചുപോവാതിരിക്കുമല്ലോ എന്നാശ്വസിക്കുകയാണ് കര്‍ഷകര്‍. തോട്ടങ്ങളില്‍ പണിയെടുത്തിരുന്നവരൊക്കെ പട്ടിണിയിലാണിപ്പോള്‍. വാടകയും ഭക്ഷണവുമൊക്കെ ബുദ്ധിമുട്ടായപ്പോള്‍ പലരും അടുത്തുള്ള സ്വന്തം ഗ്രാമത്തിലേക്ക് പോവുകയും ചെയ്തു. വിളവെടുപ്പകാലം തീരും മുന്‍പേ മ‍ടങ്ങിവരാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് അവരെല്ലാം.