v-sivankutty-02

സംസ്ഥാനത്ത് ഇനിയും വാക്സീനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. വാക്സീനെടുക്കില്ലെന്ന ഇവരുടെ നിലപാട് ന്യായീകരിക്കാനാവില്ലെന്നും മന്ത്രി വിമര്‍ശിച്ചു. കുട്ടികളുടെ സുരക്ഷയാണ് മുഖ്യമെന്ന് വ്യക്തമാക്കിയ മന്ത്രി തുടര്‍നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നിട്ട് ഒരുമാസമാകുന്നു. ക്ളാസുകള്‍ പൂര്‍ണസമയമാക്കാനുള്ള ഒരുക്കത്തിലുമാണ്. അതിനിെട കോവിഡിന്റെ പുതിയ വകഭേദമെന്ന ആശങ്കയും. സാഹചര്യമിതായിട്ടും അയ്യായിരത്തിലേറെ അധ്യാപകര്‍ വാക്സീനെടുക്കാന്‍ തയാറായിട്ടില്ല. അവരോട് പലതവണയായുള്ള ഉപദേശങ്ങള്‍ അവസാനിപ്പിച്ച് ആദ്യമായി വിമര്‍ശനത്തിലേക്ക് കടക്കുകയാണ് വിദ്യാഭ്യാസമന്ത്രി.

സ്കൂളുകള്‍ തുറക്കാനൊരുങ്ങിയ ആദ്യസമയത്ത് വാക്സീനെടുക്കാത്ത അധ്യാപകര്‍ സ്കൂളിലേക്ക് വരേണ്ട, ഓണ്‍ലൈന്‍ ക്ളാസില്‍ തുടര്‍ന്നാല്‍ മതിയെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. ക്ളാസുകള്‍ തുടങ്ങുമ്പോള്‍ അവശേഷിക്കുന്ന അധ്യാപകരും വാക്സീനെടുക്കുമെന്ന പ്രതീക്ഷയിലാണ് അന്ന് നിലപാട് കടുപ്പിക്കാതിരുന്നത്. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും അവര്‍ വാക്സീനെടുക്കാന്‍ തയാറായില്ലെന്ന് മാത്രമല്ല, വാക്സീനെടുക്കാതെ സ്കൂളിലേക്ക് വരുന്നതുമാണ് സ്വരം കടുപ്പിക്കാന്‍ കാരണം. സംസ്ഥാനത്തെ 97 ശതമാനം പേര്‍ ഒന്നാം ഡോസ് വാക്സീനെടുത്തിരിക്കുമ്പോള്‍ അതില്‍ നിന്ന് അധ്യാപകര്‍ മാറി നില്‍ക്കുന്നത് എന്ത് കാരണത്താലായാലും അംഗീകരിക്കേണ്ടെന്നാണ് തീരുമാനം.