aap-punjab-job

TAGS

വിവിധ സർക്കാർ വകുപ്പുകളിലായി ഒരു മാസത്തിനുള്ളിൽ 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പഞ്ചാബ് സർക്കാർ. സർക്കാർ നിയന്ത്രണത്തിലുള്ള വിവിധ വകുപ്പുകൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽ ഒഴിവുകൾ വിജ്ഞാപനം ചെയ്യാനാണ് പഞ്ചാബ് മന്ത്രിസഭ അംഗീകാരം നൽകിയത്.

 

ഇതിൽ 10,000 തൊഴിലവസരങ്ങൾ പൊലീസിലും 15,000  മറ്റു വകുപ്പുകളിലുമായാകും സൃഷ്ടിക്കുക. മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം ചേർന്ന് ആദ്യ മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ‘ഒരു മാസത്തിനുള്ളിൽ 25,000 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തത്.  തിരഞ്ഞെടുപ്പിനു മുൻപ്  എഎപി വാഗ്ദാനം ചെയ്തതു പോലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് എഎപി സർക്കാർ പ്രധാന പരിഗണന നൽകുന്നത്.’ ഭഗവന്ത് മാൻ അറിയിച്ചു.

 

ശനിയാഴ്ച രാവിലെ പത്തു മണിക്ക് രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഒരു വനിത ഉൾപ്പെടെ പത്തു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഹർപൽ സിങ് ചീമ, ഗുർമീത് സിങ് മീറ്റ് എന്നിവരൊഴികെ ബാക്കി 8 പേരും മന്ത്രിസഭയിൽ പുതുമുഖങ്ങളാണ്. 117 ൽ 92 സീറ്റുകളും നേടിയാണ് ആം ആദ്മി പാർട്ടി പഞ്ചാബിൽ അധികാരത്തിലെത്തിയത്.