saudi

സൗദിക്കെതിരെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു യെമനിലെ ഹൂതി വിമതർ. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ മൂന്നുദിവസത്തേക്കു നിർത്തിവയ്ക്കുന്നതായി യെമനിലെ ഹൂതി വിമതർ പ്രഖ്യാപിച്ചു. സൗദിസഖ്യസേന നടത്തുന്ന ആക്രമണങ്ങളും നിർത്തിവയ്ക്കണമെന്ന് ഹൂതികൾ ആവശ്യപ്പെട്ടു. ഹൂതി വിമതരുടെ അധീനതയിലുള്ള വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിൽ സൗദി കടുത്ത വ്യോമാക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഹൂതികളുടെ അനുരഞ്ജന നീക്കം. 

  

ജിദ്ദയിലെ എണ്ണസംഭരണ,വിതരണകേന്ദ്രങ്ങൾ ആക്രമിച്ചതിനെതിരെ ഇന്നലെ പുലർച്ചെ മുതൽ സൗദിസഖ്യസേന യെമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഹൂതി വിമതരുടെ അധീനതയിലുള്ള സനാ വിമാനത്താവളം, വ്യാപാരഇടപാടുകൾ നടത്തുന്ന ഹുദെയ്ദ, സാലിഫ് തുറമുഖങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ പ്രത്യാക്രമണമുണ്ടായതോടെയാണ് താൽക്കാലിക വെടിനിർത്തലിനു തയ്യാറായത്. ഹുദെയ്ദ,സാലിഫ് തുറമുഖങ്ങളിൽ സൗദിയുടെ ഇടപെടൽ കർശനമാക്കിയാൽ വ്യപാരസാധ്യതകളടഞ്ഞു സാമ്പത്തികബുദ്ധിമുട്ടുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഹൂതി വിമതരുടെ അനുരഞ്ജന ശ്രമം. മാരിബ് അടക്കം കരമേഖലകളിലൂടെയുള്ള അക്രമണങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഹൂതി വിമതരുടെ രാഷ്ട്രീയകാര്യ ഓഫീസ് മേധാവി മഹ്ദി അൽ മഷാത് പറഞ്ഞു. 

 

രണ്ടു തുറമുഖങ്ങളിലേയും ഉപരോധം സൗദി അവസാനിപ്പിക്കണമെന്നും ഹൂതി വിമതർ ആവശ്യപ്പെട്ടു. എന്നാൽ ഉപരോധമില്ലെന്നും ആയുധക്കടത്തുതടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് സൗദിയുടെ നിലപാട്.  അതേസമയം, ഹൂതി വിമതരുടെ ഏകപക്ഷീയമായ വെടിനിർത്തൽ തീരുമാനത്തോട് സൗദി പ്രതികരിച്ചിട്ടില്ല. ഹൂതി ശക്തികേന്ദ്രങ്ങളിൽ കഴിഞ്ഞരാത്രിയും സൗദി സഖ്യസേന വ്യോമാക്രമണം നടത്തി.