ഫ്രാന്‍സിന്റെ പ്രസിന്റായി ഇമ്മാനുവല്‍ മക്രോ തുടരും. തിരഞ്ഞെടുപ്പില്‍ 58 ശതമാനം വോട്ടുനേടിയാണ് മക്രോ ഭരണം ഉറപ്പിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയും തീവ്ര വലത് പക്ഷ പാര്‍ട്ടിയുടെ നേതാവുമായ മരീന്‍ ലെ പെന്നിന് 42 ശതമാനം വോട്ടാണ് ലഭിച്ചത്. 2002 ല്‍ ജാക്ക് ഷിറാക്കിന് ശേഷം ആദ്യമായാണ് ഒരു പ്രസിഡന്റ് ഭരണത്തുടര്‍ച്ച നേടുന്നത്. ഫ്രാന്‍സിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റായ മക്രോ മേയ് 13ന് വീണ്ടും അധികാരമേല്‍ക്കും.
20 വര്‍ഷത്തെ ചരിത്രം തിരുത്തിയാണ് ഇമ്മാനുവല്‍ മക്രോ വീണ്ടും ഫ്രഞ്ച് പ്രസിഡന്റാവുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് നിരീക്ഷകര്‍ പ്രവചിച്ച തിരഞ്ഞെടുപ്പില്‍ മക്രോ ആധികാരിക ജയം തേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി മരീന്‍ ലെ പെന്‍ മൂന്നാം തവണയും പരാജയപ്പെട്ടു
സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, പരിധിവിട്ട ഇന്ധനവില വര്‍ധന തുടങ്ങി ഒട്ടേറെ പ്രതികൂല ഘടകങ്ങളെ അതിജീവിച്ചാണ് ഇമ്മാനുവല്‍ മക്രോ തുടര്‍ച്ചയായ രണ്ടാം തവണയും ഫ്രാന്‍സിന്റെ പ്രസിഡന്റാകുന്നത്. നേരിയ ഭൂരിപക്ഷം മക്രോയ്ക്ക് ലഭിക്കുമെന്നായിരുന്നു വോട്ടെടുപ്പിന് തൊട്ടുമുമ്പ് വരെയുള്ള വിലയിരുത്തലുകള്‍. എന്നാല്‍ എതിരാളികളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ആധികാരിക വിജയം തന്നെയാണ് മക്രോ നേടിയത്.
ഒന്നാംഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റ എട്ടുദിവസം മുന്‍പ് മാത്രമാണ് ഇമ്മാനുവല്‍ മക്രോ പ്രചാരണത്തിനിറങ്ങിയത്. അമിത ആതമവിശ്വാസമെന്നും അഹങ്കാരമെന്നും നിരീക്ഷകര്‍ ഇതിനെ വിലയിരുത്തി. എന്നാല്‍ പറയേണ്ടത് കൃത്യമായി പറഞ്ഞു. മക്രോയെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തുവെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. എതിര്‍ സ്ഥാനാര്‍ഥി മരീന്‍ ലീപെന്നിനാവട്ടെ ഇത് മൂന്നാം തോല്‍വിയാണ്. 2017 ലെ തിരഞ്ഞെടുപ്പിലും ഇമ്മാനുവല്‍ മക്രോയുടെ എതിരാളി ലീ പെന്നായിരുന്നു.
തീവ്ര വലതു നിലപാടുകളുള്ള ലീ പെന്നിനെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ കൈവിട്ടു എന്നുവേണം കരുതാന്‍. അതേസമയം തീവ്ര ഇടത് നിലപാടുള്ളവരില്‍ ഒരു വിഭാഗം മക്രോയെ പിന്തുണയ്ക്കുകയും ചെയ്തുവെന്ന് ഫലം വ്യക്തമാക്കുന്നു. 2002 ല്‍ ജാക്ക് ഷിറാക്കിന് ശേഷം ആദ്യമായാണ് രാജ്യത്ത് ഒരു പ്രസിഡന്റ് ഭരണത്തുടര്‍ച്ച നേടുന്നത്.