കോൺഗ്രസിൽ ചേരാനുള്ള ക്ഷണം തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോർ നിരസിച്ചതിനു പിന്നാലെ കൂടിക്കാഴ്ച നടത്തി, സെല്‍ഫി പങ്കിട്ട് നവജ്യോത് സിങ് സിദ്ദു. പഴയ സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടിയതിന്‍റെ സന്തോഷം ട്വീറ്റില്‍ കാണാം. പഴയ സുഹൃത്ത് പി.കെയെ കണ്ടു സംസാരിച്ചു. പഴയ വീഞ്ഞും സ്വര്‍ണവും കൂട്ടുകാരുമാണ് എപ്പോഴും നല്ലത്- സിദ്ദു കുറിച്ചു. ഡല്‍ഹിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
2017ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ പ്രചാരണത്തിന് രൂപം നൽകുന്നതിനിടയിൽ തന്നെ കോൺഗ്രസിൽ ചേരാൻ ശ്രമിക്കുന്ന പ്രശാന്തുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് സിദ്ദു നേരത്തെ പറഞ്ഞിരുന്നു. അന്ന് 60 പ്രാവശ്യമെങ്കിലും കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് പി.കെ ചോദിച്ചിരുന്നതായി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ദു പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോർ രംഗത്തെത്തിയത്. തന്നെക്കാൾ കോൺഗ്രസിന് ആവശ്യം ഒത്തൊരുമയും കൂട്ടായ്മയും ആണെന്ന് പ്രശാന്ത് ട്വീറ്റ് ചെയ്തു. പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം തള്ളിയതാണ് പ്രശാന്തിന്‍റെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമോ ,ഇല്ലയോ..? ഏതാനും ദിവസങ്ങളായി ദേശീയ രാഷ്ട്രീയത്തിൽ മുഴങ്ങിക്കെട്ട ചോദ്യങ്ങൾക്കാണ് വിരാമമായത്. പ്രശാന്ത് കിഷോറുമായുള്ള ചർച്ചകൾക്ക് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉന്നതാധികാര കർമ്മ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ഭാഗമായി പ്രശാന്ത് കിഷോറിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു. എന്നാൽ ഈ ക്ഷണം അദ്ദേഹം നിരസിച്ചുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. പാർട്ടിയിൽ ആഴത്തിൽ വേരോടിയ പ്രശ്നങ്ങൾ വിപ്ലവകരമായ മാറ്റങ്ങളിലൂടെ തിരുത്തപ്പെടെണ്ടതുണ്ടെന്ന് പ്രശാന്ത് ട്വീറ്റ് ചെയ്തു.
സോണിയ ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ മരത്തോൺ ചർച്ചകളിൽ പ്രശാന്ത് കിഷോറും ഭാഗമായിരുന്നു. ഇതിനിടയിലാണ് തെലങ്കാനയിൽ എത്തി ടിആർഎസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുമായി പ്രശാന്ത് ചർച്ച നടത്തിയത്. ഇത് കോൺഗ്രസ് നേതാക്കൾക്കിടയിൽ അതൃപ്തിക്ക് കാരണമായി. പാർട്ടിയിൽ ചേരാൻ കോൺഗ്രസ് മുന്നോട്ട് വെച്ച ഉപാധികൾ അംഗീകരിക്കാനാവില്ലെന്ന് പ്രശാന്ത് നേതാക്കളെ അറിയിച്ചതായാണ് വിവരം. പൂർണ പ്രവർത്തന സ്വാതന്ത്ര്യം പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടെങ്കിലും അത് നൽകുന്നതിൽ നേതാക്കൾക്കിടയിൽ ഭിന്നഭിപ്രായം ഉണ്ടായിരുന്നു.