Pooram--4-

തൃശൂർ പൂരത്തിൻ്റെ പുലരിയിൽ തുടർച്ചയായി നാലു മണിക്കൂർ അഴകുള്ള കാഴ്ചകൾക്ക് ഒരുക്കി ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ്. കണിമംഗലം ശാസ്താവ് ആദ്യമെത്തി . അവസാനം നെയ്തലക്കാവ് ഭഗവതിയും.   

തൃശൂർ പൂര ദിനത്തിൽ സൂര്യൻ ഉദിക്കും മുമ്പേ കണിമംഗലം ശാസ്താവ് തട്ടകത്ത് നിന്ന് പുറപ്പെട്ടു. കൊമ്പൻ അന്നമനട ഉമാ മഹേശ്വരൻ്റെ പുറമേറിയായിരുന്നു ശാസ്താവിൻ്റെ വരവ്. തലേന്ന് നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുര വാതിലിലൂടെ ക്ഷേത്രപ്രവേശം. കാരമുക്ക് ഭഗവതിയുടേതായിരുന്നു രണ്ടാമൂഴം. ലാലൂർ , ചൂരക്കാട്ടുക്കാവ് , പനമുക്കുംമ്പിളളി , അയ്യന്തോൾ , ചെമ്പൂക്കാവ് തട്ടകങ്ങളിൽ നിന്നുള്ള എഴുന്നള്ളിപ്പുകൾ പിന്നാലെ എത്തി. ഒന്നിനു പുറകെ ഒന്നായി വടക്കുംനാഥനെ കാണാൻ ഭഗവതിമാരുടെ വരവ് പൂരപ്പറമ്പിനെ സജീവമാക്കി. എട്ടു വ്യത്യസ്ത മേളങ്ങൾ പൂര നഗരിയിൽ വാദ്യഘോഷം തീർത്തു.

പൂരത്തലേന്ന് തെക്കേ ഗോപുരം തുറക്കാനെത്തി പൂര വിളംബരം നടത്തിയ നെയ്തലക്കാവിലമ്മയ്ക്ക് പൂര ദിവസം അവസാനം എത്താനായിരുന്നു നിയോഗം. ഒൻപതാനകളുടെ അകമ്പടിയിൽ ഭഗവതിമാർ വടക്കുന്നാഥനെ വണങ്ങി ഭഗവതിമാർ മടങ്ങി. രാത്രിയിൽ ഈ എഴുന്നള്ളിപ്പുകൾ ആവർത്തിക്കും.