jagdeep-dhankhar-1

 

ഇന്ത്യയു‌ടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ അധികാരമേറ്റു. സത്യപ്രതിജ്ഞാച്ചടങ്ങിലേയ്ക്ക് എംപിമാരെ ക്ഷണിച്ചത് അര്‍ഹിക്കുന്ന ബഹുമാനം നല്‍കാതെയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതിനിടെ, ഉപരാഷ്ട്രപതിയാക്കാത്തതുകൊണ്ടാണ് എന്‍ഡിഎ വിട്ടതെന്ന ആരോപണം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഷേധിച്ചു. 

 

രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ജഗ്ദീപ് ധന്‍കറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഒാം ബിര്‍ല, മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ എം വെങ്കയ്യ നായ്ഡു, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ ചടങ്ങിന് എത്തി. രാവിലെ രാജ്ഘട്ടില്‍ ഗാന്ധി സമാധിയില്‍ ജഗ്ദീപ് ധന്‍കര്‍ ആദരവ് അര്‍പ്പിച്ചു. സത്യപ്രതിജ്ഞാച്ചടങ്ങിനുള്ള ക്ഷണക്കത്ത് വാണിജ്യമന്ത്രാലയത്തില്‍പോയി വാങ്ങാനാണ് രാജ്യസഭനേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയലിന്‍റെ ഒാഫീസില്‍ നിന്ന് എംപിമാരെ അറിയിച്ചിരുന്നത്. ഇത് ജനപ്രതിനിധികളെ അവഹേളിക്കലാണെന്ന് പ്രതിപക്ഷം പറഞ്ഞു.

 

നിതീഷ് കുമാര്‍ ഉപരാഷ്ട്രപതിയാകാന്‍ ആഗ്രഹിച്ചിരുന്നതായി ബിജെപി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോദിയാണ് ആരോപിച്ചത്. ഉപരാഷ്ട്രപതിയാക്കാത്തതുകൊണ്ടാണ് നിതീഷ് എന്‍ഡിഎ വിട്ടതെന്നും സുശീല്‍ മോദി പറഞ്ഞു. എന്നാല്‍ ബിജെപി ആരോപണം കെട്ടച്ചമച്ചതാണെന്നും രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ െജഡിയു എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണച്ചതായും നിതീഷ് പ്രതികരിച്ചു.