supreme-court

 

സംരക്ഷിത വനങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫസര്‍ സോണ്‍ ഏര്‍പ്പെടുത്തണമെന്ന വിധിക്കെതിരെ കേരളം സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജി ഫയല്‍ ചെയ്തു. വിധി നടപ്പാക്കിയാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കപ്പെടുമെന്നും ഹര്‍ജിയില്‍ പറയുന്നു. ആദിവാസി ജനവിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളെയും വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങളെയും വിധി ബാധിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടുന്ന സംരക്ഷിത വനങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തണമെന്ന കഴിഞ്ഞ ജൂണില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുന:പ്പരിശോധിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം. വിധി നടപ്പിലാക്കുന്നതിന് സംസ്ഥാനത്തിന് മുന്നില്‍ തരണം ചെയ്യാന്‍ കഴിയാത്ത ബുദ്ധിമുട്ടുകളുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ എല്ലായിടത്തും ഒരുപോലെ നടപ്പാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ആകെ ജന സാന്ദ്രതയേക്കാള്‍ രണ്ടിരട്ടിയാണ് കേരളത്തിലെ ജനസാന്ദ്രത. നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഒരു കിലോമീറ്റര്‍ ചുറ്റളവ് ഭൂരിഭാഗവും ജനവാസ മേഖലയാണ്. ചെറുതും വലുതമായ നിരധവി ടൗണ്‍ഷിപ്പുകള്‍ പതിറ്റാണ്ടുകളായി ഇവിടങ്ങളിലുണ്ട്.

 

സുപ്രീംകോടതി ശരിവച്ച 1977ലെ ലാന്‍ഡ് അസൈന്‍മെന്‍റ് ചട്ടങ്ങള്‍ പ്രകാരം പട്ടയം നല്‍കിയ ഭൂമിയുള്‍പ്പെടേ ബഫര്‍ സോണില്‍ ഉള്‍പ്പെടും. ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം ഈ ജനവാസ മേഖലകളില്‍ വരുത്തിയാല്‍ അതിന്‍റെ പ്രത്യാഘാതം വലുതായിരിക്കും. ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും, തൊഴിലിനെയും ബാധിക്കും. ബഫർ സോണിൽ പെടുന്ന ആളുകളെ മറ്റ്‌ സ്ഥലങ്ങളിലേക്ക് മാറ്റിപുനരവസിപ്പിക്കാനും കഴിയില്ല. ആദിവാസികളുടെ അവകാശങ്ങളുടെയും സ്കൂളുകള്‍, ആശുപത്രികള്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങളും അസാധ്യമാക്കും. മംഗള വനത്തിന് സമീപത്തുള്ള കേരള ഹൈകോടതിയെയും വിധി ബാധിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.