delhi

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായു മലിനീകരണം വളരെ മോശം അവസ്ഥയില്‍. വായുഗുണനിലവാര സൂചിക 323 ആണ് രേഖപ്പെടുത്തിയത്. രാജ്യതലസ്ഥാനത്തിന് സമീപമുള്ള നോയ്ഡയില്‍ സൂചിക 342 ലേയ്ക്ക് താഴ്ന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മലിനീകരണം കുറഞ്ഞുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ അവകാശപ്പെട്ടു. രാഷ്ട്രീയ ഏറ്റുമുട്ടലും രൂക്ഷമായി.

ഡല്‍ഹിക്ക് ശ്വാസം മുട്ടുകയാണ്. ദീപാവലിക്ക് പടക്കം പൊടിക്കുന്നത് ഏര്‍പ്പെടുത്തിയ നിരോധനം ലംഘിക്കപ്പെട്ടതോടെ വായുമലിനീകരണം രൂക്ഷമായി. ഇതോടെ ആരോഗ്യപ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡല്‍ഹിക്ക് പുറമേ ഫരീദാബാദ്, ഗാസിയാബാദ്, നോയ്ഡ എന്നിവിടങ്ങളിലും വായുനിലവാരം മോശമായി. പടക്കം പൊട്ടിച്ചാല്‍ അറുമാസം വരെ തടവ് ശിക്ഷയും 200 രൂപ പിഴയും ഈടാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ദീപാവലി ദിനത്തില്‍ നിരോധനം വ്യാപകമായി ലംഘിക്കപ്പെട്ടു. 

അയല്‍സംസ്ഥാനങ്ങളില്‍ കാര്‍ഷിക വിള അവശിഷ്ടങ്ങളുടെ കത്തിക്കല്‍ കൂടിയാകുന്നതോടെ സ്ഥിതി കൂടുതല്‍ മോശമാകും. പലയിടങ്ങളിലും ദൂരക്കാഴ്ച്ച മങ്ങി. മലിനീകരണം കുറയ്ക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് സിഗ്നലുകളില്‍ വാഹനങ്ങള്‍ ഉടന്‍ നിര്‍ത്തിയിടാന്‍ നിര്‍ദേശമുണ്ട്. സ്പ്രിങ്ഗളറുകള്‍ വഴി വെള്ളം തെളിക്കുന്നുണ്ട്. മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിക്കാന്‍ കഠിന പരിശ്രമം നടത്തുന്നതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ഭരിച്ചിട്ടും പഞ്ചാബില്‍ വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിര്‍ബാധം തുടരുകയാണെന്ന് കേജ്‍രിവാളിന്‍റെ മുന്‍കാല നിലപാടുകള്‍ ചോദ്യം ചെയ്ത് ബിജെപി കുറ്റപ്പെടുത്തി.