എന്‍ഐഎ അറസ്റ്റ് ചെയ്ത, പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിനെ നവംബര്‍ 19 വരെ റിമാന്‍ഡ് ചെയ്തു. റൗഫിനെ കസ്റ്റഡിയില്‍ വേണമെന്ന എൻഐഎയുടെ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ഇന്നലെ രാത്രിയിലാണ് പാലക്കാട് പട്ടാമ്പിയിലെ വീട് വളഞ്ഞ് റൗഫിനെ എന്‍ഐഎ പിടികൂടിയത്. ഒരുമാസം മുന്‍പ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധനയുണ്ടായതിന് പിന്നാലെ റൗഫ് ഒളിവിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെല്ലാം കഴിഞ്ഞമാസത്തെ പരിശോധനയില്‍ എന്‍ഐഎയുടെ പിടിയിലായിരുന്നു. റൗഫിനായി വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഘടനയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതോടെ അറസ്റ്റിലായ നേതാക്കള്‍ക്ക് ഒളിവില്‍ കഴിഞ്ഞ് സഹായം ചെയ്യുന്ന തരത്തിലേക്ക് റൗഫ് മാറി. സംഘടനയുടെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്ന റൗഫിനെ പിടികൂടാന്‍ എന്‍ഐഎ സംഘം തുടര്‍ച്ചയായി നിരീക്ഷണം നടത്തിയിരുന്നു. തമിഴ്നാട്ടിലും കര്‍ണാടകയിലും ഉള്‍പ്പെടെ ഒളിവിലായിരുന്ന റൗഫ് കഴിഞ്ഞദിവസം വീട്ടില്‍ തിരിച്ചെത്തിയെന്ന് വ്യക്തമായതോടെയാണ് രാത്രിയില്‍ കൊച്ചിയില്‍ നിന്നുള്ള സംഘം പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തി രാത്രിയില്‍ തന്നെ കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു. 

 

പോപ്പുലര്‍ ഫ്രണ്ടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും സമരപരിപാടികള്‍ ഉള്‍പ്പെടെ നിയന്ത്രിച്ചിരുന്നതും റൗഫായിരുന്നു. വിദേശ ഫണ്ട് വരവ്, പ്രവര്‍ത്തകര്‍ക്കുള്ള നിയമസഹായം തുടങ്ങിയ ഉത്തരവാദിത്തവും റൗഫിന്റെ നേതൃത്വത്തിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെയുണ്ടായ ഹര്‍ത്താലില്‍ വ്യാപക ആക്രമണം നടത്തിയതിലും റൗഫിന്റെ ബുദ്ധിയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പിഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതികളായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ റൗഫിന്റെ പങ്ക് സംബന്ധിച്ച സൂചനകള്‍ ലഭിച്ചെങ്കിലും ഇതുവരെയും അറസ്റ്റിലേക്കെത്തിയിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനത്തെ പ്രധാന നേതാക്കളില്‍ ഒരാളെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുള്ളത്. സാമ്പത്തിക ഉറവിടവും ദൈനംദിന പ്രവര്‍ത്തനവും നിരീക്ഷിച്ചിരുന്ന ആളെന്ന നിലയില്‍ വിപുലമായ വിവരം റൗഫില്‍ നിന്ന് അന്വേഷണസംഘത്തിന് നേടാന്‍ കഴിയും. നിര്‍ണായക അറസ്റ്റാണ് പട്ടാമ്പി കേന്ദ്രീകരിച്ച് എന്‍ഐഎ പൂര്‍ത്തിയാക്കിയത്.  

 

CA Rauf, the former Kerala state secretary of the now-banned Popular Front of India was remanded