cpmkerala-02

കോടിയേരി ബാലകൃഷ്ണന് പകരം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പുതിയ അംഗത്തെ ഉള്‍പ്പെടുത്തില്ല. എം.വി.ഗോവിന്ദനെ പി.ബിയില്‍ ഉള്‍പ്പെടുത്തിയതിന്‍റെ ചുവടുപിടിച്ച് സെക്രട്ടേറിയറ്റില്‍ പുതിയ അംഗത്തെ ഉള്‍പ്പെടുത്തുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. എറണാകുളം സംസ്ഥാന സമ്മേളനത്തില്‍ രൂപീകരിച്ച സംസ്ഥാന സെക്രട്ടേറിയറ്റില്‍ എം.വി.ഗോവിന്ദന്‍ അംഗമല്ലായിരുന്നു. കോടിയേരിക്കു പകരം എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി ആയതോടെ ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍ ഒഴിവില്ല. 

 

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ പൊളിറ്റ് ബ്യൂറോയിലേക്ക് എം.വി.ഗോവിന്ദനെ ഉള്‍പ്പെടുത്തിയതോടെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിനെ കുറിച്ചും ചര്‍ച്ചകള്‍ സജീവമായത്. പലരുടെയും പേരുകള്‍ സെക്രട്ടേറിയറ്റിലേക്ക് പറഞ്ഞുകേള്‍ക്കുകയും ചെയ്തു. എന്നാല്‍ സെക്രട്ടേറിയറ്റില്‍ പുതിയ അംഗത്തെ എടുക്കേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. അഭ്യൂഹങ്ങള്‍ പാര്‍ട്ടി നേതൃത്വം നിഷേധിക്കുകയും ചെയ്യുന്നു. 

 

മാര്‍ച്ചില്‍ എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിനൊടുവില്‍ രൂപീകരിച്ച പുതിയ സെക്രട്ടേറിയറ്റില്‍ 17 അംഗങ്ങളാണുണ്ടായിരുന്നത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, ടി.എം.തോമസ് ഐസക്, എ.കെ.ബാലന്‍, ടി.പി.രാമകൃഷ്ണന്‍, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്, കെ.കെ.ജയചന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, എം.സ്വരാജ്, പി.എ.മുഹമ്മദ് റിയാസ്, പി.കെ.ബിജു, പുത്തലത്ത് ദിനേശന്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഇതില്‍ എം.വി.ഗോവിന്ദന്‍ അംഗമല്ല. എം.വി.ഗോവിന്ദനും കെ.കെ.ശൈലജയും കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ എന്ന നിലയിലാണ് സെക്രട്ടേറിയറ്റില്‍ പങ്കെടുത്തു പോന്നത്. കോടിയേരി മരിക്കുകയും എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയാകുകയും ചെയ്തതോടെ സെക്രട്ടേറിയറ്റിന്‍റെ അംഗബലം 17 ആയി തന്നെ തുടരും. അതിനാല്‍ പുതുതായി ഒരാളെ ഉള്‍പ്പെടുത്തേണ്ട സാഹചര്യവുമില്ല.

 

cpm leaders denies selection of new member to state secretariat