parassalaci-02

ഷാരോൺ കൊലക്കേസിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന പാറശാല സിഐയുടെ ന്യായീകരണം തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തൽ. പ്രതിഭാഗത്തിന് ആയുധമാക്കാൻ കഴിയുന്ന ശബ്ദസന്ദേശം സി.ഐ പുറത്തുവിട്ടത് മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ. ലോക്കൽപൊലീസിന്റെ ഭാഗത്തെ വീഴ്ചയിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. 

ഷാരോൺ കേസ് തുടക്കത്തിൽ അന്വേഷിച്ച പാറശാല പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിലയിരുത്തി തന്നെയാണ് അന്വേഷണം ക്രൈം ബ്രാബിന് കൈമാറിയത്. ഇത് ശരിവയ്ക്കുന്നതായിരുന്നു പ്രതികളുടെ അറസ്റ്റ് ഉൾപ്പെടെ തുടർനീക്കങ്ങൾ. എന്നാൽ, വീഴ്ച മറച്ചുവയ്ക്കാൻ അന്വേഷണത്തിലെ അന്വേഷണത്തിലെ കണ്ടെത്തലുകൾ തെറ്റായി വ്യാഖ്യാനിച്ചും മജിസ്ട്രേട്ടിന് നൽകിയ മരണമൊഴി വെളിപ്പെടുത്തിയുമാണ് പാറശാല സി.ഐ ഹേമന്ത് കുമാർ മാധ്യമങ്ങൾക്ക് ശബ്ദസന്ദേശം അയച്ചത്. 

പ്രതിഭാഗത്തെ സഹായിക്കുന്ന ഈ ശബ്ദസന്ദേശം അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പ്രചരിപ്പിച്ചതിന്റെ ലക്ഷ്യം സംശയാസ്പദമാണ്. ഇത് കോടതിയിൽ തിരിച്ചടിയായേക്കുമെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. അതേസമയം, വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഷാരോണിന്റെ വീട്ടുകാരെ സന്ദർശിച്ച മന്ത്രി ആന്റണി രാജു ഉറപ്പുനൽകി. സി.ഐയുടെ വാദങ്ങൾ തള്ളിയ ഷാരോണിന്റെ കുടുംബം ഇക്കാര്യത്തിൽ പരാതി നൽകാനാണ് ആലോചിക്കുന്നത്. 

Sharon's family may complaint against parassala CI