പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് ശമ്പളപരിധി 15,000 രൂപയായി നിജപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി സുപ്രീം കോടതി റദ്ദാക്കി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ചാണ് കോടതിയുടെ വിധി. അതേസമയം 60 മാസത്തെ ശമ്പള ശരാശരിയിൽ പെൻഷൻ കണക്കാക്കാൻ അനുമതി നൽകി. പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ നാല് മാസം കൂടി സമയവും അനുവദിച്ചു.

2014 ൽ കേന്ദ്ര സർക്കാർ കൊണ്ട് വന്ന ഭേദഗതി പ്രകാരം പി.എഫി.ൽ നിന്ന് പെൻഷൻ സ്‌കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ മേൽപ്പരിധി നിശ്ചയിച്ചിരുന്നു. ഇത് റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവച്ചു. ഇതോടെ ശമ്പളത്തിന് ആനുപാതികമായി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിക്കും. ഇത് നടപ്പിലാക്കുന്നതിന് സർക്കാരിനും ഇപിഎഫ്ഓ യ്ക്കും സുപ്രീം കോടതി ആറ് മാസത്തെ സമയ പരിധി അനുവദിച്ചു. ആവശ്യത്തിന് ഫണ്ട് കണ്ടെത്തുന്നതിനാണ് സമയം നല്‍കിയത്.  അതേസമയം പെന്‍ഷന്‍ കണക്കാക്കുന്നതിന് അവസാനത്തെ അറുപത് മാസത്തെ ശമ്പളത്തിന്‍റെ ശരാശരി അടിസ്ഥാനമാക്കണമെന്ന നിയമഭേദഗതിയിലെ വ്യവസ്ഥ കോടതി അംഗീകരിച്ചു. ഇത് തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്. അവസാന 12 മാസത്തെ ശമ്പളത്തിന്‍റെ ശരാശരി  കണക്കാക്കണമെന്നതായിരുന്നു തൊഴിലാളികളുടെ ആവശ്യം. ഭേദഗതി നിലവിൽ വരുന്നതിന് മുമ്പ് വിരമിച്ചവർക്ക് പുതിയ സ്‌കീമിൽ ചേരാൻ കഴിയില്ല. ഭേദഗതി നിലവിൽ വന്നതിന് ശേഷം വിരമിച്ചവർക്ക് സ്കീമിൽ ചേരുന്നതിന് നാല് മാസത്തെ സമയം സുപ്രീം കോടതി അനുവദിച്ചു. 

Supreme Court partially upholds kerala high court's verdict on PF Pension