TOPICS COVERED

കോളിളക്കമുണ്ടാക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഉത്തരവ്. രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു 

പല ട്വിസ്റ്റുകൾക്കുമൊടുവിലാണ് പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിന് ഹൈക്കോടതിയില്‍ ക്ലൈമാക്സായത്.  ഭർത്താവ് രാഹുൽ.പി.ഗോപാലിനെതിരെ ഭാര്യ നൽകിയ പരാതിയിലെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. താന്‍ ഭാര്യയെ മർദിച്ചിട്ടില്ലെന്നും തമ്മിലുണ്ടായിരുന്ന തർക്കം സംസാരിച്ച് തീര്‍ത്തുവെന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞത്. ഇക്കാര്യം ശരിവച്ചുകൊണ്ട് പരാതിക്കാരിയും സത്യവാങ്മൂലം നൽകി. ഇരുവര്‍ക്കും കൗൺസിലിങ് നൽകാനും അതിന്റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. ഓഗസ്റ്റിൽ സമർപ്പിച്ച ഈ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമാണ് കേസ് റദ്ദാക്കാന്‍ ജസ്റ്റിസ് എ.ബദറുദീൻ ഉത്തരവിട്ടത്. കോഴിക്കോട് സ്വദേശിയായ രാഹുലിനെ വിവാഹം ചെയ്ത എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയെ ക്രൂരമായി മർദനമേറ്റ് നിലയിൽ വീട്ടുകാർ കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. വൈകാതെ രാഹുലിനെതിരെ ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങൾ ചുമത്തി. വിഷയം വിവാദമായതോടെ വധശ്രമത്തിനും ഉൾപ്പെടുത്തി. ഇതോടെ, ജോലി ചെയ്തിരുന്ന ജർമനിയിലേക്ക് രാഹുൽ കടന്നു. ഇതിനിടെയാണ്, തന്നെ ഭർത്താവ് മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിനുവഴങ്ങി പരാതി നല്‍കിയതാണെന്നും കാട്ടി ഭാര്യ രംഗത്തുവന്നത്. പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചത് 

ENGLISH SUMMARY:

Pantheerankavu domestic violence case quashed