soniarajyasabha-23

ജുഡീഷ്യറിയെക്കുറിച്ച് സോണിയ ഗാന്ധി നടത്തിയ പ്രസ്താവനയും ഇതിനെതിരായ ഉപരാഷ്ട്രപതിയുടെ വിമര്‍ശനവും രാജ്യസഭയെ പ്രക്ഷുബ്ധമാക്കി. സോണിയക്കെതിരായ വിമര്‍ശനം പിന്‍വലിക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം ഉപരാഷ്ട്രപതി തള്ളി. ഉപരാഷ്ട്രപതിയെ പിന്തുണച്ച് ഭരണപക്ഷം രംഗത്തുവന്നു. പാര്‍ലെന്‍റിന്‍റെ ഇരുസഭകളും അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. 

ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് സോണിയ ഗാന്ധി കുറ്റപ്പെടുത്തിയത്. സോണിയയുടെ പരാമര്‍ശനം അനുചിതമായെന്നും ഉന്നത ഭരണഘടന സ്ഥാപനങ്ങളെ രാഷ്ട്രീയ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ സഭയില്‍ വിമര്‍ശിച്ചു. സഭയ്ക്ക് പുറത്ത് സോണിയ നടത്തിയ പരാമര്‍ശം രാജ്യസഭയില്‍ ചര്‍ച്ചചെയ്യരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തന്നെയുമല്ല സോണിയ ലോക്സഭാംഗമാണ്. അധ്യക്ഷന്‍ സോണിയക്കെതിരായ പരാമര്‍ശം പിന്‍വലിക്കണം. 

വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അധ്യക്ഷന്‍ പറഞ്ഞു. ഉപരാഷ്ട്രപതിയുടെ വിമര്‍ശനത്തില്‍ തെറ്റില്ലെന്നും സോണിയയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും രാജ്യസഭാ നേതാവ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 29വരെ നിശ്ചയിച്ചിരുന്ന ശൈത്യകാല സമ്മേളനം വെട്ടിച്ചുരുക്കി ഇരുസഭകളും അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. 

 

Sonia's remarks inappropriate; says Vice president