വെടിക്കെട്ട് ബാറ്റിങ്ങുമായി സൂര്യകുമാർ യാദവും തകർപ്പൻ ബോളിങ്ങുമായി അർഷ്ദിപ് സിങ്ങും മുന്നിൽനിന്ന് നയിച്ചപ്പോൾ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് 91 റൺസിന്റെ വിജയം. 51 പന്തിൽ 9 സിക്സറുകളുടെയും 7 ഫോറിന്റെയും അകമ്പടിയോടെ പുറത്താകാതെ 112 റൺസ് നേടിയ സൂര്യകുമാറാണ് മത്സരത്തിലെ താരം. ആദ്യം ബാറ്റു ചെയ്ത നിശ്ചിത 20 ഓവറിൽ 228 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ ഇന്ത്യ 16.4 ഓവറിൽ 137ന് പുറത്താക്കി. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി.
229 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക തുടക്കത്തിൽ വിക്കറ്റു പോകാതെ പിടിച്ചു നിന്നെങ്കിലും പിന്നീട് ഇന്ത്യൻ ബോളർമാരുടെ പ്രകടനത്തിൽ പൂർണമായും തകർന്നടിഞ്ഞു. ഓപ്പണർമാരായ പാത്തും നിസ്സങ്കയും കുശാൽ മെൻഡിസും ചേർന്ന് വിക്കറ്റൊന്നും കളയാതെ 44 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 44ൽ നിൽക്കെ ലങ്കയ്ക്ക് കുശാൽ മെൻഡിസ്സി( 15 പന്തിൽ 23)നെയും നിസങ്ക( 15 പന്തിൽ 23)യേയും നഷ്ടമായി. പിന്നീടെത്തിയ അവിഷ്‌ക ഫെർണാണ്ടോ ഒരു റണ്ണെടുത്തു മടങ്ങി. 51ന് 3 എന്ന നിലയിൽ തകർന്ന ലങ്കയെ പിടിച്ചുയർത്താൻ ധനഞ്ജയ ഡി സിൽവ ( 14 പന്തിൽ 22)യും ചരിത് അസലങ്ക( 14 പന്തിൽ 19) ശ്രമം നടത്തിയെങ്കിലും സ്കോർ 84ൽ നിൽക്കെ ചരിതും പുറത്തായി. പിന്നീടെത്തിയ ക്യാപ്റ്റൻ ദാസുൻ ശനക(17 പന്തിൽ 23) മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. വനിഡു ഹസരംഗ( 8 പന്തിൽ 9), മഹീഷ് തീക്ഷണ(5 പന്തിൽ 2) ദിൽഷൻ മധുശങ്ക( 2 പന്തിൽ 1), എന്നിവർ രണ്ടക്കം കടക്കാതെ കളം വിട്ടപ്പോൾ ചാമിക കരുണരത്‌നെ പുജ്യനായി മടങ്ങി. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ഉമർ മാലിക്, യുസ്‌വേന്ദ്ര ചെഹൽ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തിയപ്പോൾ അക്സർ പട്ടേൽ ഒരു വിക്കറ്റെടുത്തു.
രാജ്കോട്ടിൽ സൂര്യ ഷോടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഇഷാൻ കിഷനെ( 2 ബോളിൽ 1) നഷ്ടമായെങ്കിലും പിന്നീടെത്തിയ രാഹുൽ ത്രിപാഠി( 35 പന്തിൽ 16) യുമായി ചേർന്ന് ശുഭ്മാൻ ഗിൽ ഇന്ത്യയെ നയിച്ചു. 5.5 ഓവറിൽ സ്കോർ 52ൽ നിൽക്കെ ചാമിക കരുണരത്‌നെയുടെ പന്തിൽ ദിൽഷൻ മധുശങ്ക പിടിച്ച് ത്രിപാഠി പുറത്തായി. ഇതോടെ ഇന്ത്യ 52–2 എന്ന നിലയിലാണ്. ഗില്ലിന് കൂട്ടായി ക്രീസിലെത്തിയത് സൂര്യകുമാർ യാദവ്. ഒരു അസ്സൽ സൂര്യ ഷോയ്ക്കു തന്നെയാണ് പിന്നീട് രാജ്കോട്ട് മൈതാനം സാക്ഷ്യം വഹിച്ചത്.മൂന്നാം വിക്കറ്റിൽ ഗിൽ– സൂര്യകുമാർ കൂട്ടികെട്ടിൽ പിറന്നത് 111 റൺസാണ്. 163ൽ നിൽക്കെ 36 പന്തിൽ 46 റൺസെടുത്ത് ഗിൽ പുറത്തായെങ്കിലും സൂര്യകുമാർ സെഞ്ചറിയിലേക്ക് അടിച്ചു കയറി. പിന്നീടെത്തിയ ക്യാപറ്റൻ ഹാർദിക് പാണ്ഡ്യ( 2 ബോളിൽ 4), ദീപക് ഹൂഡ ( 2 പന്തിൽ 4) എന്നിവർ സൂര്യകുമാറിന് പിന്തുണ നൽകാതെ നിരാശപ്പെടുത്തി. പിന്നീടെത്തിയ അക്സർ പട്ടേൽ 9 പന്തിൽ 21 റൺസെടുത്ത് പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി ദിൽഷൻ മധുശങ്ക രണ്ടു വിക്കറ്റും കശുൻ രജിത, ചാമിക കരുണരത്‌നെ,വനിഡു ഹസരംഗ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
Suryakumar's stunning century propels India to 2-1 series win