ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍പരിശീലകന്‍ ഗ്രെഗ് ചാപ്പലിനെതിരെ റോബിന്‍ ഉത്തപ്പ. ഓസ്ട്രേലിയന്‍ ശൈലി ഇന്ത്യയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കിയ പരിശീലകനാണ് ചാപ്പലെന്നും തന്‍റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോയില്ലെങ്കില്‍ ഡ്രസിങ് റൂം വിവരങ്ങള്‍ പോലും ചോര്‍ത്തിനല്‍കാന്‍ മടിയില്ലാത്തയാളാണെന്നും ഉത്തപ്പ ആരോപിച്ചു. പ്രത്യേക അജന്‍ഡവച്ച് പ്രവര്‍ത്തിക്കുന്നയാളാണ് ചാപ്പലെന്നും ആ അജന്‍ഡ നടപ്പാക്കാന്‍ ഏതറ്റംവരെയും പോകുമായിരുന്നെന്നും ഉത്തപ്പ പറയുന്നു.
2007ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം താരങ്ങളും പരിശീലകനും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയായിരുന്നുവെന്നും ഉത്തപ്പ. ഇന്ത്യന്‍ സംസ്കാരത്തെ ബഹുമാനിച്ചില്ല, പകരം ഓസ്ട്രേലിയന്‍ സംസ്കാരം അടിച്ചേല്‍പ്പിക്കാനാണ് ചാപ്പല്‍ നോക്കിയതെന്നും മുന്‍ഇന്ത്യന്‍ താരം ആരോപിച്ചു. ‘ഡ്രസിങ് റൂമിലെ വിവരങ്ങൾ ചോർത്തിനൽകുന്ന മോശം സ്വഭാവവും അദ്ദേഹത്തിനുണ്ടായിരുന്നു. തന്‍റെ ഇംഗിതമനുസരിച്ചല്ല കാര്യങ്ങള്‍ പുരോഗമിക്കുന്നതെങ്കില്‍ ഇതാണ് ചാപ്പലിന്‍റെ രീതി. ഈ സ്വഭാവത്തോട് ടീമംഗങ്ങൾക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെന്നും ഉത്തപ്പ.
ഗ്രെഗ് ചാപ്പൽ ഇന്ത്യൻ പരിശീലകനായിരുന്ന കാലഘട്ടം ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഇരുണ്ട കാലഘട്ടമായാണ് കണക്കാക്കുന്നത് . അത്രത്തോളം വിവാദങ്ങളും പരാജയങ്ങളും നിറഞ്ഞ കാലമായിരുന്നു അത്. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള അസ്വാരസ്യങ്ങളും കുപ്രസിദ്ധമായിരുന്നു. 2007ലെ ഏകദിന ലോകകപ്പിൽ ചാപ്പലിന്റെ കീഴിൽ ഇറങ്ങിയ ഇന്ത്യ ബംഗ്ലദേശിനോടും ശ്രീലങ്കയോടും തോറ്റിരുന്നു. ഇതോടെ നോക്കൗട്ടിൽ കടക്കാനാകാതെ ഇന്ത്യൻ ടീം പുറത്തായി. ഇതോടെ അദ്ദേഹം ഇന്ത്യൻ ടീമിന്‍റെ പരിശീലക സ്ഥാനം രാജിവയ്ക്കുകയായിരുന്നു.