TAGS

 

പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയില്‍ പുലിക്കൂട്ടത്തെ കണ്ടതായി നാട്ടുകാര്‍. ഒരു പുലിയും രണ്ട് പുലിക്കുഞ്ഞുങ്ങളെയും വാഹനയാത്രികരായ യുവാക്കള്‍ കണ്ടുവെന്നാണ് വനപാലകരെ അറിയിച്ചത്. രാത്രിയില്‍ കാറിലിരുന്ന് യുവാക്കള്‍ പകര്‍ത്തിയ പുലിക്കൂട്ടത്തിന്റെ ദൃശ്യങ്ങളും വനംവകുപ്പിന് കൈമാറി. പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി വനംവകുപ്പ് വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നും തെരച്ചില്‍ തുടരുമെന്നും വേണ്ടിവന്നാല്‍ പുലിക്കൂട്ടത്തെ കണ്ട സ്ഥലത്ത് നിരീക്ഷണ ക്യാമറയും കൂടും സ്ഥാപിക്കുമെന്നും മണ്ണാര്‍ക്കാട് ഡിഎഫ്ഒ അറിയിച്ചു. 

അതേസമയം, പാലക്കാട് ധോണിയില്‍ ആശങ്ക തീര്‍ക്കുന്ന ഒറ്റയാന്‍ പിടി സെവന്‍ വീണ്ടും ജനവാസമേഖലയിലിറങ്ങി. ധോണി സെന്റ് തോമസ് നഗറിനോട് ചേര്‍ന്നുള്ള ഭാഗത്താണ് രാത്രി പത്ത് മണിയോടെ ആനയെക്കണ്ടത്. മേലേ ധോണി, മായാപുരം ഭാഗങ്ങളിലെ കൃഷിയിടത്തില്‍ പിടി സെവന്‍ ഏറെ നേരം നിലയുറപ്പിച്ചു. വനംവകുപ്പ് സംഘം പടക്കം പൊട്ടിച്ച് കാട് കയറ്റാന്‍ ശ്രമിച്ചെങ്കിലും രണ്ട് മണിക്കൂറിലധികം കൊമ്പന്‍ ജനവാസമേഖലയില്‍ തുടര്‍ന്നു. മറ്റ് ആനകളെ ഒഴിവാക്കി പിടി സെവന്‍ വീണ്ടും ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് മയക്കുവെടിയുതിര്‍ത്ത് പിടികൂടുന്ന നടപടി വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണ് വനപാലകരുടെ നിഗമനം. 

 

Mannarkkad Thathengalam leopard