ഗുണ്ടാ ബന്ധത്തിൽ തിരുവനന്തപുരത്ത് രണ്ട് ഡിവൈ.എസ്.പിമാർക്ക് സസ്പെൻഷൻ. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കത്തിൽ ഇടനിലക്കാരായെന്ന് കണ്ടെത്തിയ കെ.ജെ. ജോൺസൺ, എം. പ്രസാദ് എന്നിവർക്കെതിരെയാണ് നടപടി. അതിനിടെ പാറ്റൂർ ഗുണ്ടാ ആക്രമണക്കേസിൽ ഒളിവിൽ കഴിയുന്ന ഓംപ്രകാശിന്റെ സംഘാംഗം ഒളിവിലിരുന്ന് ഉന്നതരെയടക്കം ഫോൺ വിളിച്ചതായി കണ്ടത്തി.

 

പാറശാലയിൽ കഷായത്തിൽ കളനാശിനി കലക്കിക്കൊടുത്ത് കാമുകനെ കാമുകി കൊന്ന കേസ് തെളിയിച്ച് പ്രശസ്തനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പി കെ.ജെ.ജോൺസണും അഴിമതിക്കാരെ പിടിക്കാൻ നടക്കുന്ന വിജിലൻസ് ഡിവൈ. എസ്.പി എം. പ്രസാദുമാണ് സസ്പെൻഷനിലായത്. തലസ്ഥാനത്തെ പ്രധാന ഗുണ്ടാസംഘങ്ങളായ ഓം പ്രകാശിന്റേയും നിധിന്റേയും സംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടനിലക്കാരായിരുന്നു ഈ നിയമപാലകർ. ഗുണ്ടകളുടെ വീടുകൾ സ്ഥിരം സന്ദർശിക്കുകയും മദ്യവും പണവും കൈപ്പറ്റുകയും ചെയ്തു. ജോൺസണിന്റെ മകളുടെ പിറന്നാൾ പാർട്ടി പോലും നടത്തിയത് ക്രിമിനലുകളെന്നുമാണ് കണ്ടെത്തൽ. 

 

ഇതോടെ ഗുണ്ടാ ബന്ധത്തിൽ നടപടി നേരിട്ടവരുടെ എണ്ണം 4 ഇൻന്‍സ്പെക്ടര്‍മാരും ഒരു എസ്.ഐയും ഉൾപ്പെടെ എഴായി. കൂടുതൽ പേർക്കെതിരായ നടപടിക്കായി ഇന്റലിജൻസ് റിപ്പോർട്ടുകൾ പരിശോധിച്ചു വരികയാണ്. അതിനിടെ തിരുവനന്തപുരം പാറ്റൂരിൽ ഓംപ്രകാശിന്റേയും നിധിന്റേയും സംഘങ്ങൾ നടത്തിയ ഗുണ്ടാ ആക്രമണത്തിലെ ഉന്നത ബന്ധത്തിന് കൂടുതൽ തെളിവായി. ഒളിവിൽ കഴിയുന്ന പ്രതി ആരിഫ് തലസ്ഥനത്തെ സി.പി.ഐ നേതാവിന്റെ ബന്ധുവിനെയും സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥയെയും വിളിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ.

 

Two DYSP Suspended