തിരുവനന്തപുരം മൃഗശാലയിലെ ക്ഷയരോഗബാധ്ക്ക് കാരണം അധികൃതരുടെ വീഴ്ചയെന്ന് വ്യക്തമാക്കി പരിശോധനാ റിപ്പോര്‍ട്ട് . ക്രമാതീതമായ വംശ വര്‍ധനയും സൗകര്യങ്ങളുടെ അപര്യാപ്തതയും മൃഗങ്ങള്‍ കൂട്ടമായി ചത്തതിന് കാരണമായെന്നാണ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമൽ ഡിസീസസിന്റെ കണ്ടെത്തല്‍. രോഗബാധ നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ നാമമാത്രമാണെന്ന് കുററപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ സന്ദര്‍ശകര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കണമെന്നും മൃഗസംരക്ഷണ മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
മൃഗങ്ങളെ ബാധിച്ച ക്ഷയ രോഗത്തിനു കാരണം മൈക്കോ ബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയയാണെന്നാണ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിന്റെയും വെറ്റിനറി കോളജിന്റേയും കണ്ടെത്തല്‍. ക്ഷയരോഗം പടരാനുളള കാരണങ്ങളും സിയാദിന്റെ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നു. പുളളിമാനുകളുടേയും കൃഷ്ണമൃഗങ്ങളുടേയും ക്രമാതീതമായ വംശവര്‍ധനയും സൗകര്യങ്ങളുടെ കുറവുമാണ് പ്രധാന കാരണം. രോഗവാഹകരായ എലി , പൂച്ച, തെരുവുനായ്ക്കള്‍ തുടങ്ങിയവയെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. രോഗബാധ കണ്ടെത്തിയ മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും അഴുക്കു ചാലുകള്‍ നവീകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
ആഹാരം നല്കാന്‍ കൂടുതല്‍ സ്ഥല സൗകര്യം വേണം. ഒരു മൃഗഡോക്ടറുടെ സേവനം കൂടി ഉറപ്പാക്കണം. മൃഗങ്ങള്‍ ചത്ത കൂടുകള്‍ ആറുമാസം ഒഴിച്ചിടണം. പുള്ളി മാനുകളുടെയും കൃഷ്ണ മൃഗങ്ങളുടെയും കൂടുകളോട് ചേർന്നുളള ആഫ്രിക്കൻ എരുമ, മ്ലാവ് തുടങ്ങിയ മൃഗങ്ങള്‍ക്ക് രോഗം ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കാനായിട്ടില്ലെന്നും നിരീക്ഷണം തുടരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്നലെയും ഒരു പുളളിമാന്‍ ചത്തു. അഞ്ചുവര്‍ഷത്തിനിടെ ചത്തത് മൂന്ന് കടുവകള്‍ ഉള്‍പ്പെടെ 422 മൃഗങ്ങളാണെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ മനോരമ ന്യൂസാണ് പുറത്തുവിട്ടത്. ഒരുവര്‍ഷത്തിനിടെ 54 കൃഷ്ണമൃഗങ്ങളുള്‍പ്പെടെ നൂറില്‍ പരം മൃഗങ്ങളാണ് ചത്തത്.