ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമക്കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി. സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകിയെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് കോടതിയുടെ നടപടി. എന്നാൽ, ഒത്തുതീർപ്പിന് പരാതിക്കാരി ശ്രമിച്ചെന്നാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിന്റെ വിശദീകരണം. 2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യദയായി പെരുമാറി എന്നായിരുന്നു കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പു ചുമത്തിയ കേസിൽ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹർജിയിലാണ് ഇന്ന് നാടകീയ സംഭവങ്ങൾ കോടതിയിൽ ഉണ്ടായത്. 2021 ൽ സമർപ്പിച്ച ഹർജിയിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ ആയിരുന്നു ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ. ഒത്തുതീർപ്പാക്കാൻ പരാതിക്കാരി സമ്മതിച്ചതായുള്ള സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ കേസ് നടപടികൾ കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ, ഈ സത്യവാങ്മൂലത്തിൽ താൻ ഒപ്പിട്ടു നൽകിയിട്ടില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു.
തുടർന്നാണ് കേസിന്റെ സ്റ്റേ ജസ്റ്റിസ് കെ.ബാബു നീക്കിയത്. വിഷയം ഗൗരവതരമെന്ന് വിലയിരുത്തിയ ഹൈക്കോടതി ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ ഉത്തരം പറഞ്ഞേ മതിയാകൂവെന്ന് വ്യക്തമാക്കി. വിഷയത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഉണ്ണി മുകുന്ദന് കോടതി നിർദേശം നൽകി. എന്നാൽ കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് പരാതിക്കാരി അറിയിച്ചെന്നും ഇത് വ്യക്തമാക്കുന്ന ഇ.മെയിൽ സന്ദേശങ്ങൾ കൈവശമുണ്ടെന്നും സൈബി ജോസ് കിടങ്ങൂർ പറഞ്ഞു. ഇക്കാര്യങ്ങൾ തിങ്കളാഴ്ച കോടതിയെ അറിയിക്കുമെന്നും സൈബി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന ഹർജിയിൽ ഈ മാസം 17ന് കോടതി വിശദമായ വാദം കേൾക്കും.
High Court stay in Unni Mukundan accused molestation case