സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസർകോട്ട് തുടക്കം. ഉദ്ഘാടന പ്രസംഗത്തിൽ ജമാഅത്തെ ഇസ്ളാമിയെ അതിരൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി സംസ്ഥാന സർക്കാരിനെതിരായ വിഷയങ്ങളെ എണ്ണിപ്പറഞ്ഞ് പ്രതിരോധിച്ചു. സംസ്ഥാന വിരുദ്ധത പ്രചരിപ്പിക്കുന്ന പ്രതിപക്ഷം, ബിജെപിയോട് മൃദു സമീപനം സ്വീകരിക്കുന്നതായി പിണറായി വിജയൻ കുറ്റപ്പെടുത്തി.

 

സിപിഎമ്മിലെ നേതൃമാറ്റത്തിന് ശേഷം നടക്കുന്ന പ്രധാന രാഷ്ട്രീയ പ്രചരണ പരിപാടിക്ക് കുമ്പളയിൽ 4.30 ന് മുഖ്യമന്ത്രി  തുടക്കമിട്ടു. ജാഥാ ക്യാപ്റ്ററായ എം.വി.ഗോവിന്ദന് പിണറായി വിജയൻ പതാക കൈമാറി. ആർഎസ്എസുമായി ചർച്ച നടത്തി ന്യൂനപക്ഷങ്ങളുടെ ഏത് അവകാശങ്ങൾ സംരക്ഷിക്കുകയാണ് ജമാഅത്തെ ഇസ്ലാമി എന്ന് ചോദിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം.

 

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായി മുൻപ് സഖ്യം ഉണ്ടാക്കിയ ലീഗിലെയും കോൺഗ്രസിലെയും ഒരു വിഭാഗത്തിന് ആർഎസ്എസുമായുള്ള ചർച്ചയിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും ചോദ്യം. കേന്ദ്രസർക്കാർ നയങ്ങളെ സംസ്ഥാനത്തെ പ്രതിപക്ഷം എതിർക്കുന്നില്ലെന്ന് പിണറായി വിജയൻ. കേന്ദ്രസർക്കാരിനും  പ്രതിപക്ഷത്തിനുമൊപ്പം മാധ്യമങ്ങളെയും വിമർശിച്ചു കൊണ്ടായിരുന്നു പാർട്ടി സെക്രട്ടറിയുടെ വാക്കുകൾ.

CM Pinarayi Vijayan slams Jamaat-e-Islami for talks with RSS