പി.ജയരാജന്‍റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി. കോഴിക്കോട് നടന്ന ചടങ്ങിലാണ് കേരളം: മുസ്‌ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകത്തിന്റെ  പ്രകാശനം നടന്നത്.  രചയിതാവിന്റെ അഭിപ്രായം തന്നെ പ്രകാശനം ചെയ്യുന്നയാള്‍ക്കും ഉണ്ടാവണമെന്നില്ല എന്ന് മുഖ്യമന്ത്രി. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്ന കാര്യങ്ങളോട് യോജിപ്പുണ്ട്. എന്നാല്‍ ജയരാജന്റെ വ്യക്തിപരമായ നിലപാടുകളോട് യോജിക്കണമെന്നില്ല. 

Read Also : മഅദനി യുവാക്കള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തി: പി.ജയരാജന്‍

മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കേസെന്ന് ആരും പറഞ്ഞിട്ടില്ല. പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ കുറവുള്ള ജില്ലയാണ് മലപ്പുറം. മലപ്പുറം ജില്ലയെ ഒറ്റപ്പെടുത്തുന്നു എന്ന് ലീഗ് പറയുന്നത് അടിസ്ഥാനരഹിതമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മഅദനിക്കെതിരായ ജയരാജന്റെ പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

ഇതിനിടെ പി.ജയരാജന്റെ പുസ്തകം കത്തിച്ച് പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കോഴിക്കോട്ട് പുസ്തക പ്രകാശനവേദിക്ക് സമീപത്തായിരുന്നു പ്രതിഷേധം. അന്ധന്‍ ആനയെ കണ്ടതുപോലെയാണ് പരാമര്‍ശമെന്ന് പിഡിപി സംസ്ഥാന നേതൃത്വം ആരോപിച്ചു. 

പുസ്തകത്തില്‍ പി‍ഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു പി. ജയരാജന്‍ നടത്തിയത്. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കുശേഷം മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മഅദനി നടത്തിയ പ്രഭാഷണം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചു. അതിവൈകാരിക പ്രസംഗങ്ങളിലൂടെ ആളുകളില്‍ തീവ്രചിന്താഗതി വളര്‍ത്തി. മഅദനി രൂപീകരിച്ച െഎ.എസ്.എസ് മുസ്ലീം യുവാക്കള്‍ക്ക് ആയുധപരിശീലനവും ആയുധശേഖരവും നടത്തി. 

മുസ്ലീം തീവ്രവാദത്തിന്റ അംബാസിഡറായി പലരും മഅദനിയെ വിശേഷിപ്പിച്ചെന്നും കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടശേഷമാണ് മഅദനിയുടെ നിലപാടില്‍ മാറ്റമുണ്ടായതെന്നും പി ജയരാജന്‍ തന്റെ ‘കേരളം, മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തില്‍ പറയുന്നു. 

ENGLISH SUMMARY:

In the book P. Jayarajan's personal view; Chief Minister disagreed